വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. കഴിഞ്ഞ ദിവസമാണ് വയനാട് ചീരാലിൽ നിന്ന് നാട്ടിൽ ഇറങ്ങിയ കടുവയെ പിടികൂടിയത്. എന്നാൽ വീണ്ടും മറ്റൊരു കടുവ വയനാട്ടിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. മീനങ്ങാടി, അമ്പലവയല്‍ എന്നിവിടങ്ങളിലാണ് കടുവ ഇറങ്ങിയത്. ഈ പ്രദേശങ്ങളിൽ മാസങ്ങളായി കടുവ ശല്യം നിലനിൽക്കുന്നുണ്ട്. ഈ പ്രദേശത്ത് കടുവ വളർത്തുമൃഗങ്ങളെ കൊല്ലുന്നതായി വ്യാപക പരാതിയുമുണ്ട്. ഇപ്പോൾ ബൈക്കിന് മുമ്പിലേക്ക് കടുത്ത എടുത്ത് ചാടിയതോടെയാണ് കടുവയെ ഉടൻ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്.
ഈ പ്രദേശത്ത് കടുവകളെ പിടികൂടാൻ വിവിധ സ്ഥലങ്ങളിൽ കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ സംഘം ഈ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതുവരെ അഞ്ചോളം ആടുകളെ കടുവ വകവരുത്തി. കൃഷ്ണഗിരി, മേപ്പേരിക്കുന്ന്, റാട്ടക്കുണ്ട് എന്നിവിടങ്ങളിൽ കടുവ ശല്യം രൂക്ഷമായിട്ടുണ്ട്. ഇവിടങ്ങളിൽ കടുവ ശല്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വനം വകുപ്പ് ട്രെക്കിങും നിരോധിച്ചിട്ടുണ്ട്.
ALSO READ : Tiger Caught In Wayanad: വയനാട് ചീരാലിൽ ഭീതിവിതച്ച കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി
കഴിഞ്ഞ ദിവസമാണ് ചീരാലിൽ നാടിനെ ഭീതിയിലാക്കിയ കടുവ പിടിയിലായത്. തോട്ടാമൂല ഫോറസ്‌റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ് പ്രായമുള്ള ആൺ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് ചെറിയ പരിക്കുണ്ട്. കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് ഈ കടുവ ആക്രമിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് കടുവയ്ക്കായി തിരച്ചിൽ നടത്തിയത്. ഉൾവനത്തിലടക്കം വനപാലകസംഘം തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ശേഷം മുത്തങ്ങയിൽ നിന്നും കുങ്കി ആനകളെ എത്തിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.
കടുവയെ കണ്ടെത്താനായി 18 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മൂന്ന് കൂടുകൾ ഒരുക്കുകയും ചെയ്‌തിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘവും ആർആർടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്‌തു. നേരത്തെ വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നുവെങ്കിലും കടുവയെ കണ്ടെത്താൻ കഴിയാതെ വന്നത് വൻ തിരിച്ചടിയാകുകയായിരുന്നു. ശരിക്കും പറഞ്ഞാൽ കടുവയുടെ നീക്കം ആദ്യഘട്ടത്തിൽ വനം വകുപ്പിന് മനസിലാക്കാൻ സാധിക്കാത്തതാണ് വെല്ലുവിളിയായത്. ഇതിനിടെയാണ് വനംവകുപ്പിന്റെ കൂട്ടിൽ കടുവ കുടുങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...