തിരുവനന്തപുരം: രാജ്യത്തിന്റെ വികസനത്തെ തടയുന്നത് രാജ്യ വിരുദ്ധ പ്രവർത്തനമായാണ് കാണുന്നതെന്ന് മന്ത്രി വി അബ്ദു റഹ്മാൻ. സമരസമിതി ഉന്നയിച്ചത് ഏഴ് ആവശ്യങ്ങളാണ്. ഇക്കാര്യങ്ങൾ സർക്കാർ അംഗീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം എന്നത് ഒഴിച്ചുള്ള കാര്യങ്ങൾ സർക്കാർ അംഗീകരിച്ചു. വികസന പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിനാകില്ല. സർക്കാർ ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
സമരക്കാര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ ഇവയാണ്.
1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക.
2. തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കുക.
3. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക.
4. തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയുമായ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി സുതാര്യമായ പഠനം നടത്തുക.
5. മണ്ണെണ്ണ വിലവര്‍ദ്ധന പിന്‍വലിക്കാന്‍ ഇടപെടുക. തമിഴ്നാട് മാതൃകയില്‍ മണ്ണെണ്ണ ലഭ്യമാക്കുക.
6. കാലാവാസ്ഥാ മുന്നറിയിപ്പ് കാരണം കടലില്‍ പോകുവാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുക.
7. മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിൽ തടസം നേരിടുന്നനതിനെ തുടർന്ന് അദാനി ഗ്രൂപ്പ് സർക്കാരിനോട് ആശങ്ക അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ട് 53 ദിവസമായെന്നും നൂറുകോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. സമരം തുടരുന്ന സാഹചര്യത്തല്‍ അടുത്ത വർഷവും നിർമാണം പൂർത്തിയാകില്ലെന്ന് ആശങ്ക ഉണ്ടെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2019 ൽ തുറമുഖം കമ്മീഷൻ ചെയ്യാനായിരുന്നു അദാനി ഗ്രൂപ്പിന് നൽകിയിട്ടുള്ള കരാറിൽ പറഞ്ഞിരുന്നത്. എന്നാൽ മോശം കാലാവസ്ഥയും പാറയുടെ ലഭ്യതക്കുറവും മൂലം തുറമുഖ നിർമ്മാണം പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടേണ്ടി വന്നു. ഈ പ്രതിസന്ധിക്കിടയിലാണ് തുറമുഖ കവാടത്തിൽ ലത്തീൻ സഭ മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സമരം ആരംഭിച്ചത്. ഹൈക്കോടതി അടക്കം ഇടപെട്ട് സമരപന്തൽ പൊളിച്ചു നീക്കണമെന്ന നിർദേശം സമരക്കാർക്ക് നൽകിയെങ്കിലും ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...