കണ്ണൂർ: സി.പി.എം പ്രവർത്തകരുടെ വേട്ടയാടലിൽ ഭയന്ന് ജീവിക്കേണ്ടുന്ന അവസ്ഥയാണെന്ന് മാധ്യമ പ്രവർത്തകയുടെ ഫേസ് ബുക്ക് പോസ്റ്റ്. കോഴിക്കോട് ചോമ്പാല സ്റ്റേഷനിലെ സിവിൽ പോലീസ് ഒാഫീസർ സുമേഷിൻറെ ഭാര്യ വിനീത വേണുവാണ്. കുറച്ചുനാളുകളായി അനുഭവിക്കുന്ന സി.പി.എം ഭീകരതയും,വേട്ടയാടലുകളും തുറന്നു പറയുന്നത്. സി.പി.എം തങ്ങൾക്കെതിരെ വ്യാജ സൈബർ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് അവർ തുറന്നു പറയുന്നു.
ഡ്യൂട്ടി കഴിഞ്ഞ് സുഹൃത്തിൻറെ വീട്ടിലും കയറി പോവാൻ തുടങ്ങിയ തൻറെ ഭർത്താവിനെ സദാചാര ഗുണ്ടകൾ ചേർന്ന് കയ്യേറ്റം ചെയ്യുകയും ഭീക്ഷണിപ്പെടുത്തുകയും ചെയതിരുന്നതായും വിനീത പോസ്റ്റിൽ പറയുന്നു.
വിനീതയുടെ പോസ്റ്റിലെ പ്രസ്കത ഭാഗങ്ങൾ
വടകര ചോമ്പാലയിൽനിന്ന് ഡ്യൂട്ടി കഴിഞ്ഞ കണ്ണൂർ ഇരിട്ടിയിലേക്ക് മടങ്ങുമ്പോൾ പായം ചീങ്ങംകുണ്ടത്തുള്ള സുഹൃത്തിന്‍റെ മാതാപിതാക്കളുടെ വീട്ടിലേക്കു പോകുന്ന വഴി ഫോൺ വന്നതിനാൽ റോഡിൽ നിർത്തി.
ഈ സമയം അവിടെയെത്തിയ നാല് പേർ എന്തിന് വന്നതാണ് , എന്ത് ചെയ്യുന്നു എന്ന രീതിയിൽ ചോദ്യം ചെയ്തു. അവർ നന്നായി മദ്യപിച്ചിരുന്നു. താൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഫോൺ വന്നപ്പോൾ വാഹനം നിർത്തിയതാണെന്നും മറുപടി നൽകിയിട്ടും അവർ സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യൽ തുടർന്നു. ബൈക്ക് എടുത്ത് പോകാൻ ശ്രമിച്ചെങ്കിലും പോകാൻ അനുവദിച്ചില്ല.
പൊലീസുകാരനാണെന്ന് പറഞ്ഞപ്പോൾ അവർ കൂടുതൽ ആളുകളെ വിളിച്ചു വരുത്തി. പതിനഞ്ചിലധികം ആളുകൾ കൂട്ടംകൂടി സഭ്യമല്ലാതെ സംസാരിക്കാൻ തുടങ്ങി. സുഹൃത്തിനെ വിളിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. മഴ ചാറി തുടങ്ങിയെന്ന പേരും പറഞ്ഞ് അവർ ബലമായി സമീപത്തെ വീടിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.വീടിന്റെ മതിലിനകത്തേക്ക് കയറ്റി നിർത്തി, സംഘം ചേർന്ന് വളഞ്ഞായി പിന്നീട് ചോദ്യം ചെയ്യലും ഭീഷണിയും. ഇത് ചിലർ വീഡിയോയിൽ പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
ഭീഷണിയുടെ സ്വരത്തിലേക്ക് സംസാരം നീങ്ങിയപ്പോൾ ഇരിട്ടി സ്റ്റേഷനിലേക്ക് വിളിച്ച് ബന്ധപ്പെടാൻ ശ്രമിച്ചു ഫോൺ എൻഗേജ്ഡ് ആയിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ഒരു പൊലീസുകാരൻ ബഹളം കേട്ട് എത്തുകയും അദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു. പൊലീസുകാരൻ ആണെന്ന് തിരിച്ചറിഞ്ഞ അക്രമികൾ, രക്ഷപ്പെടാനായി പിന്നീട് അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുകൊണ്ട് വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി.
കൂടിയെത്തിയ നാട്ടുകാരിൽ ഒരാൾ പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്തു. തുടർന്ന് ഇരിട്ടി സ്റ്റേഷനിലെ മൊബൈൽ പെട്രോളിങ് യൂണിറ്റ് എസ്ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി. അത്രനേരം ഉണ്ടായ സംഭവങ്ങളെ മറച്ചു വച്ച് തെറ്റായ കാര്യങ്ങളാണ് അക്രമികളിൽ ചിലർ എസ്ഐയെയോട് പറഞ്ഞത്. മദ്യപിച്ചിരുന്നു എന്നാണ് അവർ പറഞ്ഞത്. തുടർന്ന് ആൾക്കൂട്ടത്തെ പിരിച്ചു വിട്ട് ഡിപ്പാർട്ട് മെന്റ് വാഹനത്തിൽ അവിടെ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...