Forest robbery case: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കേരളത്തിൽ വ്യാപകമായി നടന്ന മരംകൊള്ള സർക്കാരിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 04:07 PM IST
  • വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും വയനാട്ടിൽ മരംമുറി നടന്നിട്ടുണ്ട്
  • വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തത് കൊണ്ട് മാത്രം ഇക്കാര്യത്തിൽ നടപടിയെടുത്തുവെന്ന് എങ്ങനെ സർക്കാരിന് പറയാൻ കഴിയും
  • സർക്കാർ അറി‍ഞ്ഞുകൊണ്ടാണ് വനംകൊള്ള നടന്നിരിക്കുന്നത്
  • വിവാദമായ ഉത്തരവിൽ യാതൊരു സദുദ്ദേശ്യവും ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു
Forest robbery case: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

വയനാട്: വനംകൊള്ളയിലെ ഭയാനകദൃശ്യമാണ് വയനാട്ടിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് (Opposition leader) വിഡി സതീശൻ. സംസ്ഥാനത്ത് എട്ട് ജില്ലകളിലെങ്കിലും സമാനമായ മരംകൊള്ള നടന്നിട്ടുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ വ്യാപകമായി നടന്ന മരംകൊള്ള സർക്കാരിന്റെ അറിവോടെയാണെന്ന് വിഡി സതീശൻ (VD Satheesan) ആരോപിച്ചു.

സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സർക്കാർ ഇതിന് തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും വിഡി സതീശൻ വ്യക്തമാക്കി. ആദിവാസികളെ കബളിപ്പിച്ച് മരം മുറിച്ചിട്ടും മാഫിയകളെ സഹായിക്കാൻ ആദിവാസികളെ പ്രതി ചേർക്കുകയാണ് സർക്കാർ ചെയ്യുന്നത്. മുഖ്യപ്രതികൾക്കെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് വിഡി സതീശൻ ചോദിച്ചു.

ALSO READ: Forest robbery case: മരംമുറി വിവാദത്തിൽ സിപിഐയിൽ ഭിന്നത

മരംമുറിക്കേസ് വിവാദത്തിൽ ആരോപണം നേരിടുന്ന രണ്ട് വകുപ്പുകളും കൈകാര്യം ചെയ്തിരുന്ന സിപിഐയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം  രാജേന്ദ്രനും മരംമാഫിയയ്ക്ക് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. മരംകൊള്ള നടത്തിയവരെ വെറും കച്ചവടക്കാരായി ചിത്രീകരിക്കാനാണ് കാനം രാജേന്ദ്രൻ (Kanam Rajendran) ശ്രമിക്കുന്നത്. മരം കൊള്ളക്കാരെ മാഫിയ എന്ന് വിളിക്കരുതെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. മരം കൊള്ള നടത്തിയവരെ മാഫിയ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നും വിഡി സതീശൻ ചോദിച്ചു.

വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും വയനാട്ടിൽ മരംമുറി നടന്നിട്ടുണ്ട്. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ മുഖ്യമന്ത്രി പിണറായി വിജയനും സാധിക്കില്ല. വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തത് കൊണ്ട് മാത്രം ഇക്കാര്യത്തിൽ നടപടിയെടുത്തുവെന്ന് എങ്ങനെ സർക്കാരിന് പറയാൻ കഴിയും. സർക്കാർ അറി‍ഞ്ഞുകൊണ്ടാണ് വനംകൊള്ള നടന്നിരിക്കുന്നത്. വിവാദമായ ഉത്തരവിൽ  യാതൊരു സദുദ്ദേശ്യവും ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു.

ALSO READ: Muttil Forest Robbery Case : മുട്ടിൽ മരം മുറി അഴിമതിക്കെതിരെ ബിജെപി ഇന്ന് ധർണ നടത്തും

ഇത്രയും വലിയ കൊള്ള നടന്നിട്ടും ഭരണ നേതൃത്വവും ഉദ്യോ​ഗസ്ഥരും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ല. മുഖ്യമന്ത്രി (Chief minister) കൂടി അറിഞ്ഞുകൊണ്ടാണ് ഈ ഉത്തരവ് ഇറക്കിയത് എന്നതിന്റെ തെളിവാണ് അദ്ദേഹം ഈ കൊള്ളയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. നിയമത്തിലും ചട്ടത്തിലും ഭേദ​ഗതി ചെയ്യാതെ എങ്ങനെയാണ് സർക്കാരിന് ചട്ടങ്ങളെ മറികടന്ന് ഉത്തരവ് ഇറക്കാൻ കഴിയുകയെന്നും അദ്ദേഹം  ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ബുദ്ധിപൂർവമായാണ് ഉത്തരവിലൂടെ വനം മാഫിയയ്ക്ക് സഹായം ഒരുക്കിയതെന്നും വിഡി സതീശൻ ആരോപിച്ചു.

മുട്ടിൽ മരംമുറിക്കേസ് നടന്ന സ്ഥലങ്ങൾ സന്ദർശിച്ചതിലൂടെ എസ് സി എസ് ടി വിഭാ​ഗത്തിൽപ്പെട്ട ജനങ്ങളെ മാഫിയ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് മുസ്ലിംലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കർഷകരുടെ പേര് പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ല. കാരണം കർഷകർക്ക് ഇതിൽ പണം ലഭിച്ചിട്ടില്ല. പ്രത്യേക ഉത്തരവിലൂടെയാണ് ഇത് നടപ്പാക്കിയത്. ഏത് കർഷകന്റെ രക്ഷയ്ക്കായാണ് ഇത് നടപ്പാക്കിയത്. ഇവിടെ നടന്നിരിക്കുന്നത് വൻ അഴിമതിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News