തിരുവനന്തപുരം: എറണാകുളം ഡിസിസി ഓഫീസിന് (DCC Office) മുന്നിലെ പോസ്റ്റര്‍ പ്രചാരണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയുടെ ശത്രുക്കളാണ് പോസ്റ്റർ പ്രചാരണം നടത്തുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. അനാവശ്യ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങില്ലെന്നും വിഡി സതീശൻ (VD Satheesan) പറഞ്ഞു.
പാർട്ടി നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും ശക്തമായ നടപടികളുണ്ടാകും. വിഡി സതീശന്റെയും കെ സുധാകരന്റെയും (K Sudhakaran) പേരിൽ കേരളത്തിൽ ഗ്രൂപ്പ് ഉണ്ടാകില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് വിഡി സതീശനെതിരെ പ്രതിഷേധിച്ച് പോസ്റ്റർ പതിച്ചത്.
വിഡി സതീശൻ കോൺഗ്രസ്സിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്കാണെന്ന് പോസ്റ്ററിൽ പറയുന്നു. സതീശന്റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയുക. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. വിഡി സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വിഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയുക. ഗ്രൂപ്പ് ഇല്ലായെന്ന് കോണ്‍ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന വിഡി സതീശന്‍. ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റാകാൻ താൽപര്യപ്പെടുന്ന വിഡി സതീശൻ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.
ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വിഡി സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം. ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കുന്നതിലുണ്ടായ വിവാദങ്ങളാണ് പുതിയ സംഭവങ്ങൾക്ക് കോൺഗ്രസ്സിൽ (Congress) തുടക്കമിട്ടത്. ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കുന്ന കാര്യത്തിൽ വലിയ പ്രതിഷേധമാണ് വിവിധ ഗ്രൂപ്പുകൾ പരസ്യമായും അല്ലാതെയും ഉയർത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...