തിരുവനന്തപുരം: മുസഫർ നഗറിലെ സ്‌കൂളിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.
വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളിൽ ചേർത്ത് പഠിപ്പിക്കുകയാണ്. എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾചേർത്ത് സംസ്ഥാനം കഴിഞ്ഞ ദിവസം അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ പുരോഗമനപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ALSO READ: 22 പാക്കറ്റിൽ ബിസ്കറ്റ്, തുറന്നപ്പോൾ 4 കിലോ കഞ്ചാവ്; ഒറ്റനോട്ടത്തിൽ പോലീസും കുടുങ്ങി
അതേസമയം, നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി.ശിവൻകുട്ടി യോഗി ആദിത്യനാഥിന് കത്തയച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയെന്നും നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് സ്കൂളിൽ സംഭവിച്ച കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ആദരവും ധാരണയും ഐക്യവും വളർത്തുന്ന ഒരു അന്തരീക്ഷം അവർക്ക് നൽകേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞതായി മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...