തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ ഡോക്ടറുടെ ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ട് ഉണ്ടെന്നും ബന്ധുക്കൾ അറിയിച്ചു. കൊല്ലം ആദിച്ചനല്ലൂർ ടി.ബി ജംഗ്ഷനിൽ പുതുമന വീട്ടിൽ ശെന്തിൽ കുമാറിന്റെ ഭാര്യ ശുഭയാണ് മരിച്ചത്. 50 വയസായിരുന്നു. രണ്ട് കുട്ടികളുടെ മാതാവായ ശുഭയെ ഫിറ്റസ് ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സമീപത്തെ സ്വകാര്യാശുപത്രിയും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിദഗ്ധ ചികിത്സക്കായി തിരുവന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ 22 ന് ശുഭയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടറെത്തി ശെന്തിൽ കുമാറിനോട് ഭാര്യയ്ക്ക് മുൻപ് ഹൃദയ സംബന്ധമായ എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ എന്ന് ചോദിച്ചു.
ALSO READ: വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി ജി ഡോക്ടർമാരുടെ സമരം
എന്നാൽ ഇതുവരെ ശുഭയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്‍നങ്ങൾ ഒന്നുമില്ലെന്ന് അറിയിച്ച ശെന്തിൽ കുമാറിനോട് ഭാര്യ മരിച്ചു പോയി എന്ന വിവരം അറിയിക്കുകയറിയുന്നു. ബന്ധുക്കൾ പറയുന്ന വിവരങ്ങൾ അനുസരിച്ച് ഭാര്യയുടെ മരണവിവരം അറിഞ്ഞ ശെന്തിൽ കുമാർ അലറിവിളിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് മണ്ണിൽ മറവ് ചെയ്യാൻ തീരുമാനിച്ച മൃതദേഹം ഹെൽത്ത് ഇൻസ്പെക്ടറുടെ നിർബന്ധ പ്രകാരം ബന്ധുക്കൾ ദഹിപ്പിക്കുകയും ചെയ്തു .
അതേസമയം ഭാര്യയുടെ മരണവിവരം അറിയിച്ചപ്പോൾ ശെന്തിൽ കുമാർ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് കൊണ്ട് ഡോക്ടർമാർ രംഗത്തെത്തിയിരുന്നു. ശെന്തിൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഡോക്ടർമാർ സമരം ചെയ്തതോടെ മെഡിക്കൽ കോളജ് പോലീസ് ശെന്തിൽ കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. മൃതദേഹം ദഹിപ്പിച്ചതിന് പിന്നാലെയാണ് ഡോക്ടർമാർ പരാതിയുമായി രംഗത്തെത്തുകയും സമരം ആരംഭിച്ചതെന്നുമാണ് ശുഭയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
ശുഭയുടെ മരണത്തിലെ അസ്വഭാവികതയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്കു പരാതി നൽകിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ കോളജിലെ അന്നേ ദിവസത്തെ സിസിടിവി ദ്യശ്യങ്ങൾ മുഴുവൻ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...