Thrissur Lok Sabha Election Result 2024: തൃശൂരില്‍ സംഭവിച്ചതെന്ത്? കോണ്‍ഗ്രസ് വോട്ടുകള്‍ അടപടലം സുരേഷ് ഗോപിയ്ക്ക്, സിപിഐ സ്ഥിതി മെച്ചപ്പെടുത്തി

Thrissur Lok Sabha Election Result 2024: കോൺഗ്രസിന്റെ വോട്ടുകളിൽ വലിയ ചോർച്ചയാണ് തൃശൂരിൽ സംഭവിച്ചത്. ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതും തിരിച്ചടിയായി

Written by - Zee Malayalam News Desk | Last Updated : Jun 4, 2024, 06:29 PM IST
  • 39.83 ശതമാനം ഉണ്ടായിരുന്ന കോൺഗ്രസ് വോട്ടുകള്‍ 30.08 ശതമാനം ആയി ഇടിഞ്ഞു
  • ശതമാനക്കണക്കില്‍ മാത്രം 9.75 ശതമാനത്തിന്റെ വ്യത്യാസം
  • കഴിഞ്ഞ തവണ രാജാജി മാത്യു തോമസ് നേടിയതിനേക്കാള്‍ വോട്ടുകള്‍ സുനില്‍ കുമാര്‍ സ്വന്തമാക്കി
Thrissur Lok Sabha Election Result 2024: തൃശൂരില്‍ സംഭവിച്ചതെന്ത്? കോണ്‍ഗ്രസ് വോട്ടുകള്‍ അടപടലം സുരേഷ് ഗോപിയ്ക്ക്, സിപിഐ സ്ഥിതി മെച്ചപ്പെടുത്തി

ലോക്‌സഭയില്‍ കേരളത്തില്‍ നിന്നൊരു അക്കൗണ്ട് തുറക്കുക എന്ന ബിജെപിയുടെ ചിരകാലസ്വപ്‌നം തൃശൂരിലൂടെ സുരേഷ് ഗോപി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. ഇടതുപക്ഷവും യുഡിഎഫും അസംഭവ്യം എന്ന് കരുതിയ നേട്ടമാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം സുരേഷ് ഗോപി സൃഷ്ടിച്ച പ്രതിച്ഛായയാണ് തൃശൂരില്‍ വിജയത്തിന് വഴിവച്ചത് എന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.

എന്നാല്‍ തൃശൂരില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസ് ആണെന്ന് നിസംശയം പറയാം. സിറ്റിങ് എംപി ആയിരുന്ന ടിഎന്‍ പ്രതാപനെ മാറ്റിയാണ് വടകരയില്‍ നിന്ന്  കെ മുരളീധരനെ കൊണ്ടുവന്നത്. കെ കരുണാകരന്റെയും മുരളിയുടേയും സ്വന്തം സ്ഥലം എന്നൊരു പ്രതീതിയുണ്ടാക്കിക്കൊണ്ടായിരുന്നു ആ നീക്കം. മുരളിയുടെ സഹോദരിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്ന തിരിച്ചടിയ്ക്ക് ഒരു മറുപടി നല്‍കുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ടായിരുന്നു.

എന്നാല്‍ ഈ ലക്ഷ്യങ്ങളും മോഹങ്ങളും ഒന്നും പൂവണിഞ്ഞില്ല എന്ന് മാത്രമല്ല, ബിജെപിയ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു കോണ്‍ഗ്രസ്. 1,042,122 വോട്ടര്‍മാരായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ വോട്ട് ചെയ്തത്. അതില്‍ 415,089 വോട്ടുകള്‍ നേടിയാണ് അന്ന് ടിഎന്‍ പ്രതാപന്‍ വിജയിച്ചത്. 93,633 വോട്ടുകളുടെ ഭൂരിപക്ഷവും സ്വന്തമാക്കി. സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന രാജാജി മാത്യു തോമസ് 321,456 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തായിരുന്ന സുരേഷ് ഗോപിയ്ക്ക് 293,822 വോട്ടുകളാണ് അന്ന് ലഭിച്ചത്.

ഇത്തവണത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തൃശൂരില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകും. 10,81,147 വോട്ടുകളാണ് മൊത്തം പോള്‍ ചെയ്തത്. കഴിഞ്ഞ തവണത്തേക്കാള്‍ ഏതാണ്ട് നാല്‍പതിനായിരത്തോളം അധികം വോട്ടുകള്‍. സുരേഷ് ഗോപി സ്വന്തമാക്കിയത് 4,12,338 വോട്ടുകള്‍. കഴിഞ്ഞ തവണ ടിഎന്‍ പ്രതാപന് കിട്ടിയതിനേക്കാള്‍ കുറവ് വോട്ടുകള്‍ എന്നത് വ്യക്തം. ഭൂരിപക്ഷത്തിന്റെ കാര്യവും അങ്ങനെ തന്നെ. 74,686 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപിയുടെ വിജയം. 

ഇനി മറ്റു സ്ഥാനാര്‍ത്ഥികളുടെ കണക്കുകള്‍ നോക്കാം. സിപിഐ സ്ഥാനാര്‍ത്ഥിയായ വിഎസ് സുനില്‍ കുമാര്‍ നേടിയത് 3,37,652 വോട്ടുകള്‍. കഴിഞ്ഞ തവണ രാജാജി മാത്യു തോമസ് നേടിയതിനേക്കാള്‍ വോട്ടുകള്‍ സുനില്‍ കുമാര്‍ സ്വന്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന് കിട്ടിയതാകട്ടെ 3,28,124 വോട്ടുകള്‍ മാത്രം. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേടിയതിനേക്കാള്‍ 86,965 വോട്ടുകള്‍ കുറവ്. 

വോട്ട് ശതമാനത്തിന്റെ കണക്കുകള്‍ നോക്കിയാലും കോണ്‍ഗ്രസിന് സംഭവിച്ച തിരിച്ചടി പ്രകടമാണ്. 39.83 ശതമാനം ഉണ്ടായിരുന്ന വോട്ടുകള്‍ 30.08 ശതമാനം ആയി ഇടിഞ്ഞു. ശതമാനക്കണക്കില്‍ മാത്രം 9.75 ശതമാനത്തിന്റെ വ്യത്യാസം. ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി ഉയര്‍ത്തിയത് 9.61 ശതമാനം വോട്ട് വിഹിതം ആണ്. സിപിഐ സ്ഥാനാര്‍ത്ഥിയായ വി സുനില്‍കുമാറിന് 0.1 ശതമാനം വോട്ട് വിഹിതത്തിന്റെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.

ഇത്തവണ തൃശൂരില്‍ ഒരുപാട് ഘടകങ്ങള്‍ നിര്‍ണായകമായിട്ടുണ്ട് എന്നുറപ്പാണ്. സുരേഷ് ഗോപി മാതാവിന് സമ്മാനിച്ച കിരീടം സംബന്ധിച്ച വിവാദങ്ങള്‍ ഒടുവില്‍ അദ്ദേഹത്തിന് തന്നെ ഗുണകരമായി ഭവിച്ചു എന്ന് കരുതേണ്ടിവരും. അതുപോലെ തന്നെ, തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും സുരേഷ് ഗോപിയ്ക്ക് സഹായകമായിട്ടുണ്ട്. ടിഎന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതും ആത്യന്തികമായി ഗുണം ചെയ്തത് സുരേഷ് ഗോപിയ്ക്ക് തന്നെയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News