തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂർ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഇയാൾക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അപകട സമയത്ത് മണികണ്ഠൻ മാത്രമാണ് വെടിക്കെട്ട പുരയിലുണ്ടായിരുന്നത്. അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്ന് പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കൂടാതെ വെടിക്കെട്ട് പുരയിൽ അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കും. സമീപ പ്രദേശത്തുണ്ടായ നാശനഷ്ടവും വിലയിരുത്തും. പോലീസിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമാകും ഡെപ്യൂട്ടി കളക്ടർ അന്വേഷണം തുടങ്ങുക. കൂട്ടിയിട്ട കരിമരുന്ന് മിശ്രിതം ഒരുമിച്ച് പൊട്ടിത്തെറിച്ചതാനാലാണ് വലിയ സ്ഫോടനം ഉണ്ടായതെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. ഉത്സവ സീസണായതിനാൽ ജില്ലയിൽ പരിശോധനകൾ വ്യാപകമാക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Explosion: വടക്കാഞ്ചേരിയിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്
കുണ്ടന്നൂരിലെ പാടത്തിന് നടുവിലായിരുന്ന വെടിക്കെട്ട് പുരയിൽ വൻ ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായത്. വടക്കാഞ്ചേരി സ്വദേശി ശ്രീനിവാസന്‍ എന്നയാളുടെ പേരിലാണ് വെടിക്കെട്ട് പുരയുടെ ലൈസൻസ്. കിലോമീറ്ററുകൾ അകലെ വരെ ഇതിന്റെ പ്രകമ്പനമുണ്ടായെന്നാണ് നാട്ടുകാർ പറഞ്ഞത്. ഓട്ടുപാറ, അത്താണി മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...