തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് (Education department) അറിഞ്ഞില്ലെന്ന് പരാതി. സ്കൂളുകൾ തുറക്കാൻ തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പും വകുപ്പ് മന്ത്രിയും അറിയാതെയാണെന്നും പരാതി. മുഖ്യമന്ത്രിയുടെ (Chief Minister) പ്രഖ്യാപനം പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പോലും തീരുമാനം അറിഞ്ഞത്.
കൊവിഡ് ഉന്നതതല യോഗത്തിൽ വിദ്യാഭ്യാസ വകുപ്പിനും മന്ത്രി വി ശിവൻകുട്ടിക്കും ക്ഷണമുണ്ടായില്ല. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരോഗ്യ വകുപ്പുമായി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത്. നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനമായത്.
ALSO READ: School reopening: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും
ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. വിദ്യാഭ്യാസ വകുപ്പ് അറിയാതെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം പുറത്ത് വന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രൈമറി ക്ലാസുകൾ ആദ്യം തുടങ്ങുന്നതിലും ആശങ്ക നിലനിൽക്കുകയാണ്.
പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണമെന്നും നിർദേശത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...