തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിവാദ അഭിമുഖത്തിൽ ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു' ദിനപത്രം. അഭിമുഖത്തിൽ നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നുവെന്ന് ദി ഹിന്ദു അറിയിച്ചു. യഥാർത്ഥ അഭിമുഖത്തിലുള്ളതല്ല മലപ്പുറം പരാമർശമെന്നും അത് പിആർ ഏജൻസി പ്രതിനിധികളുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയതാണെന്നും അവർ നൽകിയത് അതേപടി ഉൾപ്പെടുത്തിയത് മാധ്യമ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല ദി ഹിന്ദു വ്യക്തമാക്കി. അഭിമുഖത്തിൽ പറയാത്ത കാര്യം ഉൾപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും ദി ഹിന്ദു പറഞ്ഞു.
വിവാദ പരാമർശത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ദി ഹിന്ദു പത്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്. അഭിമുഖത്തിൽ ഒരു സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും വിവാദത്തിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പത്രാധിപർക്ക് കത്ത് നൽകിയത്. അഭിമുഖത്തിലെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും അത് വിവാദങ്ങൾക്ക് കാരണമായെന്നും കത്തിൽ പറയുന്നു.
കള്ളക്കടത്ത് സ്വർണവും പണവും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും ഏതെങ്കിലുമൊരു സ്ഥലത്തെയോ പ്രദേശത്തെയോ അതിൽ പരാമർശിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ വാക്കുകൾ പത്രം തെറ്റായി വ്യാഖ്യാനിച്ചെന്നും അങ്ങനെയൊരു നിലപാട് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ സർക്കാരിനോ ഇല്ലെന്ന് ചൂണ്ടികാട്ടിയും പ്രസ് സെക്രട്ടറിയാണ് കത്തയച്ചത്.
വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചയ്ക്ക് വഴിവെച്ചെന്ന് കത്തിൽ പറയുന്നു. മലപ്പുറം പരാമർശത്തിൽ വൻ പ്രതിഷേധം ഉയർന്നതോടെയാണ് തിരുത്ത് ആവശ്യപ്പെട്ടത്.
'അഞ്ചു വർഷത്തിനിടെ മലപ്പുറത്ത് നിന്ന് 150 കിലോ സ്വർണവും 123 കോടി രൂപയുടെ ഹവാലപ്പണവും പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്' എന്നായിരുന്നു പത്രത്തിൽ പ്രസിദ്ധീകരിച്ചത്.