കൊച്ചി : എറണാകുളം ജില്ലയിലെ സ്വിഗി വിതരണക്കാർ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം വേതന നിരക്ക് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ വീണ്ടും കമ്പനി തഴഞ്ഞ സാഹചര്യത്തിലാണ് സമരം നടത്തുന്നത് . വളരെ തുച്ഛമായ തുകയാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തിൽ പോയി, തിരിച്ചെത്തുമ്പോൾ 8 കിമി ആണ് ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാർ പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ കമ്പനി തയ്യാറാകാത്തതോടെയാണ് അനിശ്ചിതകാല ലോഗൗട്ട് സമരം ജീവനക്കാർ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം സ്വിഗ്ഗി കേരള സോണ്‍ മേധാവികൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഒക്ടോബറിൽ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്നായിരുന്നു ഉറപ്പ്. ഇതും പാലിച്ചില്ല. മറ്റൊരു തേർഡ് പാർട്ടി അപ്ലിക്കേഷന് സ്വിഗി ഡെലിവറി അനുമതി കൊടുത്തതും സ്വിഗി വിതരണക്കാർക്ക് തിരിച്ചടിയാണ്. നാല് കിലോമീറ്ററിന് സ്വിഗി വിതരണക്കാർക്ക് നൽകുന്നതിലും ഇരട്ടി ഇവർക്ക് കൊടുക്കുന്നു എന്നും ആക്ഷേപമുണ്ട്.
ഉപഭോക്താക്കളിൽ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാർക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. വിതരണക്കാർക്കുള്ള വിഹിതം കുറയുന്നതിൽ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്. ഇന്ധന വില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്ന് ഡെലിവറി പാർട്ണർമാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...