പെഗാസിസ് ഫോൺ ചോർത്തൽ വിഷയത്തോടനുബന്ധിച്ച അന്വേഷണത്തിൽ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ കത്ത്. രേഖകൾ ചോർത്തുന്നതിനായി പെഗാസിസ് സംവിധാനം സംസ്ഥാനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദമായ വിവരങ്ങൾ അറിയിക്കണമെന്ന് നിർദേശിച്ചാണ് സുപ്രീം കോടതി കത്തയച്ചിട്ടുള്ളത്.
പെഗാസിസ് വിഷയത്തിൽ അന്വേഷണത്തിനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടേതാണ് നിർദ്ദേശം. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിമാരിൽ നിന്ന് വിശദാംശങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് ഇതിനോടകം സമിതി കത്ത് അയച്ചു കഴിഞ്ഞു.
എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്. എന്നാൽ 2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്നാണ് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തട്ടുള്ളത്. സുപ്രീം കോടതിയുടെ അന്വേഷണം നടക്കുമ്പോളായിരുന്നു ഈ വെളിപ്പെടുത്തൽ. കൂടാതെ 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലില്‍ നടത്തിയ സന്ദർശനത്തിനിടെ പെഗാസസ് വാങ്ങാന്‍ ധാരണയായതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയ്ക്ക് പുറമെ പോളണ്ട്, ഹംഗറി, ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും കരാർ പ്രകാരം ഇസ്രയേല്‍ സോഫ്റ്റ്‍വെയര്‍ കൈമാറിയതായും പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും അടക്കം പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലില്‍ പാർലമെന്‍റില്‍ അടക്കം പ്രതിഷേധം നടന്നിരുന്നു.