യു.ഡി.എഫ് സര്‍ക്കാറിന്‍റെ ഉത്തരവുകൾ ചട്ടവിരുദ്ധമെന്ന് മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍ ;നടപടിയെടുത്തേക്കും

യു.ഡി.എഫ് സര്‍ക്കാറിന്‍റെ അവസാന കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകളിൽ ഭൂരിപക്ഷവും ചട്ടവിരുദ്ധമാണെന്ന് മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍. റവന്യൂ വകുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ഉപസമിതി കണ്ടെത്തി.റവന്യൂ വകുപ്പ് പുറത്തിറക്കിയ 127 ഉത്തരവുകളിൽ ഭൂരിപക്ഷവും ചട്ടവിരുദ്ധമാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

Last Updated : Jun 15, 2016, 04:42 PM IST
യു.ഡി.എഫ് സര്‍ക്കാറിന്‍റെ ഉത്തരവുകൾ ചട്ടവിരുദ്ധമെന്ന് മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍ ;നടപടിയെടുത്തേക്കും

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍റെ അവസാന കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകളിൽ ഭൂരിപക്ഷവും ചട്ടവിരുദ്ധമാണെന്ന് മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍. റവന്യൂ വകുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ഉപസമിതി കണ്ടെത്തി.റവന്യൂ വകുപ്പ് പുറത്തിറക്കിയ 127 ഉത്തരവുകളിൽ ഭൂരിപക്ഷവും ചട്ടവിരുദ്ധമാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

മെത്രാന്‍ കായല്‍, ഹോപ് പ്ലാന്‍റേഷന്‍, ചെമ്പ് ഭൂമി ഇടപാട്, കടമക്കുടി നിലംനികത്തല്‍ തുടങ്ങിയ ഉത്തരവുകളിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർനടപടികൾ മന്ത്രിസഭാ യോഗം തീരുമാനിക്കും.ഉത്തരവുകളെ സംബന്ധിച്ച് വകുപ്പുതല സെക്രട്ടറിയോടും ചീഫ് സെക്രട്ടറിയോടും വിശദമായ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. എന്തു നടപടികൾ കൈകൊള്ളണമെന്ന് ഇതിനുശേഷമാകും മന്ത്രിസഭാ ഉപസമിതി തീരുമാനമെടുക്കുക.

അതേസമയം, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന പൊതുഅഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. വിവാദ ഉത്തരവുകളിൽ ചിലത് കഴിഞ്ഞ സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം നിയമലംഘനങ്ങൾ അങ്ങനെയല്ലാതായി തീരുന്നില്ല എന്ന വിലയിരുത്തലുണ്ടായി. നിയമവകുപ്പുമായി കൂടിയാലോചിച്ച ശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു.

2015 ജനവരി ഒന്ന് മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ ഉത്തരവുകൾ പുനഃപരിശോധിക്കാൻ പുതിയതായി അധികാരമേറ്റ പിണറായി സർക്കാറിന്‍റെ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ പുനഃപരിശോധിക്കാനാണ് മന്ത്രിസഭാ ഉപസമിതി രൂപവൽക്കരിച്ചത്. മന്ത്രി എ.കെ.ബാലനാണ് ഉപസമിതി അധ്യക്ഷൻ.

Trending News