കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന്‍റെ അവസാന മാസങ്ങളിലെ തീരുമാനങ്ങള്‍ തിരിച്ചടിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെത്രാന്‍ കായല്‍ പോലെയുള്ള വിവാദ തീരുമാനങ്ങള്‍ ഔട്ട് ഓഫ് കാബിനറ്റായി എടുത്തത് തിരിച്ചടിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിവാദങ്ങളും തിരിച്ചടിയായി. നിലവില്‍ കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാന്‍ തീരുമാനങ്ങളൊന്നുമില്ല. വിഷയങ്ങള്‍ ഹൈക്കമാന്‍ഡ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു
ആര്‍.എസ്.പി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് ഇത്തവണ ജയിക്കാന്‍ സാധിച്ചിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു എന്ന് കരുതി രാഷ്ട്രീയ പാര്‍ട്ടികളെ എഴുതി തള്ളുന്ന സി.പി.എമ്മിന്റെ നിലപാട് ശരിയല്ല. കഴിഞ്ഞതവണത്തേക്കാള്‍ വോട്ട് വിഹിതം വര്‍ധിച്ചു എന്നാണ് എല്‍.ഡി.എഫ് പറയുന്നത്. ഇത് ശരിയല്ല. 30 ലക്ഷം വോട്ട് ഇത്തവണ കൂടിയപ്പോഴാണ് ഒമ്പത് ലക്ഷം വോട്ട് അധികമായി എല്‍.ഡി.എഫിന് ലഭിച്ചത്. വാസ്തവത്തില്‍ കഴിഞ്ഞ തവണ ലഭിച്ച അത്രയും വോട്ട് ഇടതുപക്ഷത്തിന് ഇത്തവണ കിട്ടിയില്ല.
എല്‍.ഡി.എഫും ബി.ജെ.പിയും വ്യാപകമായ വര്‍ഗീയ ധ്രുവീകരണമാണ് നടത്തിയത്. ഇരുവരും മത്സരിച്ച് വര്‍ഗീയത ആളിക്കത്തിച്ചു. നാല് സ്ഥലത്ത് എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് എത്തി. ഇവിടങ്ങളിലെ വോട്ട് എവിടേക്ക് പോയെന്ന് പരിശോധിച്ചാല്‍ ഇരുവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മനസിലാക്കാം. ബി.ജെ.പിയുടെ മുദ്രാവാക്യം കോണ്‍ഗ്രസ് മുക്തഭാരതം എന്നാണ്. ഇടത് പക്ഷത്തിന്റെ ആവശ്യം ഭരണത്തില്‍ എത്തുകയെന്നതും. രണ്ടുപേരുടെയും ആവശ്യമൊന്നായതുകൊണ്ട് കോണ്‍ഗ്രസിനെതിരെ ഒന്നിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രത്യേക പദവി മോഹിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശ വാദം തള്ളിയ സി.പി.എം ആദ്യം ശരിയാക്കിയത് വി.എസിനെയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഇപ്പോൾ അദ്ദേഹത്തിന് എം.എൽ.എ ക്വാർട്ടെഴ്സിൽ മുറിയെടുക്കേണ്ട അവസ്ഥയാണ്. ജനങ്ങളോട് മാന്യമായി പെരുമാറാൻ പറയുന്ന മുഖ്യമന്ത്രി ആദ്യം അത് സ്വന്തം മന്ത്രിയെ പഠിപ്പിക്കണമെന്നും രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.