സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. തെരുവ് നായകൾക്ക് ഭക്ഷണം നല്കുന്നതിനിടയിലാണ് സീരിയൽ നടിക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രശസ്ത സീരിയൽ നടിയായ ഭരതന്നൂർ ശാന്തയ്ക്കാണ് കടിയേറ്റത്. തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ സ്വദേശിനിയാണ് ഭരതന്നൂർ ശാന്ത. 64 വയസ്സാണ്. ബുധനാഴ്ച വൈകിട്ടോടെയാണ് ശാന്തയ്ക്ക് നായകളുടെ കടിയേറ്റത്. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം തെരുവ് നായകൾക്ക് വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.
ഭരതന്നൂർ ശാന്ത എല്ലാ ദിവസവും വീട്ടിൽ ഭക്ഷണം ഉണക്കി തെരുവ് നായകൾക്ക് വിതരണം ചെയ്യാറുണ്ട്. അത്പോലെ തന്നെ ബുധനാഴ്ച വൈകിട്ടോടെ ഭരതന്നൂരിൽ ഭക്ഷണം വിതരണം ചെയ്യാൻ എത്തിയതായിരുന്നു നടി. പരിക്കേറ്റ ശാന്ത നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. തെരുവ് നായയുടെ കടിയേറ്റത്തിനെ തുടർന്ന് നടിയുടെ വലത് കൈയ്ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. കൂടാതെ ആക്രമിച്ചത് പേപ്പട്ടി ആണെന്നും സംശയമുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് തെരുവുനായ പ്രശ്‌നം രൂക്ഷമാകുന്നതിനിടെ വിഷയം ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രത്യേക സിറ്റിംഗ് ഇന്ന് മൂന്നുമണിക്കാണ് ചേരുന്നത്. പ്രശ്‌ന പരിഹാരത്തിനായി സ്വീകരിച്ച നടപടികള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിഷയം പരിഗണിക്കുക. തെരുവു നായകളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് കഴിഞ്ഞാണ് ദിവസം ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
തെരുവുനായകളെ അടിച്ച് കൊന്ന് ജനം നിയമം കൈയ്യിലെടുക്കരുതെന്നും പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ മാറ്റിപ്പാര്‍പ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം. തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ എറണാകുളം തൃപ്പൂണിത്തുറയില്‍ എരൂരില്‍ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഡിവിഷൻ ബഞ്ച് സംസ്ഥാന പൊലീസ് മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ആകെ 170 ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഹോട്ട്സ്പോട്ടിൽ ഒരു മാസം ശരാശരി 10 പേര്‍ക്ക് കടിയേല്‍ക്കുന്ന സ്ഥലങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടിക തയ്യാറാക്കിയിരിക്കുന്നത് മൃഗസംരക്ഷണ വകുപ്പാണ്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സപോട്ടുകള്‍ ഉള്‍പ്പെട്ടിട്ടുളളത്. 28 ഹോട്ട്‌സപോട്ടുകളാണ് തിരുവനന്തപുരത്തുള്ളത്. 26 ഹോട്ട്‌സ്‌പോട്ടുകളുമായി രണ്ടാം സ്ഥാനത്ത് പാലക്കാടാണ്. 19 ഹോട്ട്‌സപോട്ടുകളുമായി കൊല്ലം, ആലപ്പുഴ ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. ഇടുക്കിയിൽ മാത്രം ഒരു ഹോട്ട്‌സ്‌പോട്ടുളളത്. ഇതിനിടയിൽ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുളള വാക്‌സിനേഷന്‍ ഡ്രൈവ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...