തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂൺ 15 ഓടു കൂടി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൂടാതെ ഹയർ സെക്കന്ററി പരീക്ഷ ഫലങ്ങൾ ജൂൺ 20 ഓടു കൂടി പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അടുത്ത അധ്യയന വർഷത്തെ കൈത്തറി സ്കൂൾ യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017-18 അധ്യയന വര്‍ഷത്തിലാണ് സംസ്ഥാന സർക്കാർ സൗജന്യ കൈത്തറി യൂണിഫോം വിതരണ പദ്ധതി ആരംഭിച്ചത്. 2022 -23 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നത്.
അതേസമയം 2022 -23 അധ്യയന വർഷത്തിൽ ജൂൺ 1 ന് തന്നെ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ്. ഇത് മുന്നോടിയായി അധ്യാപകർക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. കൂടാതെ ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ അഡ്മിഷൻ ഏപ്രിൽ 27 ന് ആരംഭിക്കുകയും ചെയ്തിരുന്നു. ഈ വർഷവും കോവിഡ് രോഗബാധയെ തുടർന്ന് ക്രമീകരിച്ച 'തിരികെ സ്കൂളിലേക്ക്' എന്ന മാർഗരേഖ പ്രകാരമായിരിക്കും പ്രവേശനോത്സവം സംഘടിപ്പിക്കുക.
കോവിഡ് ഭീഷണി നിലനിൽക്കുന്നുവെങ്കിലും ഇത്തവണ സജീവമായ ഒരു അധ്യയന വർഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. അതിനുതകും വിധമുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ലിംഗസമത്വം, ലിംഗാവബോധം, ലിംഗനീതി എന്നിവ മുന്‍നിര്‍ത്തി ഗേള്‍സ്/ബോയ്സ് സ്കൂളുകള്‍ മിക്സഡ് സ്കൂളുകള്‍ ആക്കുന്നതിന് സര്‍ക്കാരിന് വളരെയധികം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. ലിംഗതുല്യത സംബന്ധിച്ച് പുരോഗമന ആശയങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ ഏഴ് വരെയും പൊതുപരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെയും നടക്കും. ഈ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിലെ എൻഎസ്എസ് ക്യാമ്പുകൾ മാറ്റി വെച്ചിട്ടുണ്ട്. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. കഴിഞ്ഞ അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി പരീക്ഷാ മാന്വല്‍ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചിരുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തില്‍ പരീക്ഷാ മാന്വല്‍ പരിഷ്കരിച്ച് പുറത്തിറക്കിയത്. ഹയര്‍ സെക്കണ്ടറി പരീക്ഷാ മാതൃകയില്‍ വരും വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...