Shashi Tharoor | കെ റെയിൽ പദ്ധതിക്ക് അനുകൂലമെന്ന വാദം തെറ്റ്, പഠിക്കാൻ സമയം വേണമെന്ന് ശശി തരൂർ

നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണെന്നും ശശി തരൂർ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 11:39 PM IST
  • വിശദമായി പഠിക്കാതെ സില്‍വര്‍ ലൈൻ പദ്ധതിയെ എതിർക്കാനില്ലെന്ന് തരൂർ അറിയിച്ചു.
  • സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ കൂടുതൽ സമയം വേണമെന്ന നിലപാടിൽ ശശി തരൂർ.
  • സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തരൂർ ഫേസ്ബുക്കില്‍ കുറിച്ചു.
Shashi Tharoor | കെ റെയിൽ പദ്ധതിക്ക് അനുകൂലമെന്ന വാദം തെറ്റ്, പഠിക്കാൻ സമയം വേണമെന്ന് ശശി തരൂർ

സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എംപിമാർ ഒപ്പ് വെച്ച നിവേദനത്തിൽ ഒപ്പ് വയക്കാത്തതിൽ വിശദീകരണവുമായി ശശി തരൂർ എംപി. വിഷയം പല ഊഹാപോഹങ്ങൾക്കും വഴിവെച്ചിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞുവെന്നും വിശദമായി പഠിക്കാതെ സില്‍വര്‍ ലൈൻ പദ്ധതിയെ എതിർക്കാനില്ലെന്നും തരൂർ അറിയിച്ചു. 

പദ്ധതിയെ കുറിച്ച് പഠിക്കാന്‍ കൂടുതൽ സമയം വേണമെന്ന നിലപാട് വ്യക്തമാക്കിയ തരൂർ നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണെന്നും പറഞ്ഞു. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തരൂർ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: Silver Line Project, സംസ്ഥാന സർക്കാരിന്‍റെ സമീപനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 

"തിരുവനന്തപുരം കാസർഗോഡ് സെമി ഹൈ സ്പീഡ് റെയിൽ (സിൽവർ ലൈൻ) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ്  എം പി മാർ ഒപ്പ് വെച്ച നിവേദനത്തിൽ ഞാൻ ഒപ്പ് വെച്ചിട്ടില്ല എന്നത് പല ഊഹാപോഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട് എന്നത് മലയാളം വാർത്താ മാധ്യമ സുഹൃത്തുക്കൾ മുഖേന അറിയാൻ കഴിഞ്ഞു. 

ഈ പദ്ധതി സംബന്ധിച്ച്  കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ചും  അതിന്റെ സങ്കീർണമായ വിവിധ വശങ്ങൾ മൂലം സംസ്ഥാനത്തിനും ജനങ്ങൾക്കും എന്ത് നേട്ടം എന്ത് നഷ്ടം എന്നതിനെക്കുറിച്ചു പഠിക്കാൻ സമയം വേണമെന്നുമുള്ള അഭിപ്രായം ഞാൻ നേരത്തെ പറഞ്ഞിരുന്നു.
അതു കൊണ്ടു തന്നെ ഈ നിവേദനത്തിൽ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയിൽ പദ്ധതിക്ക് ഞാൻ നിലവിൽ അനുകൂലമാണ് എന്നതല്ല അർത്ഥം. മറിച്ച് ഈ  പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നാണ്. 

എന്റെ സുഹൃത്തുക്കളായ എം പി മാർ ഒപ്പ് വെച്ച നിവേദനത്തിൽ നിന്ന് (ഇതിന് മുൻപ് ഞാൻ അത് കണ്ടിട്ടില്ലായിരുന്നു) വ്യക്തമാകുന്നത് ഈ പദ്ധതിയെക്കുറിച്ചുള്ള വളരെ പ്രസക്തമായ ചില ചോദ്യങ്ങൾക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്നതാണ്. പ്രത്യേകിച്ചും ഇതിന്റെ സാമൂഹ്യ പ്രശ്നങ്ങൾ (തദ്ദേശവാസികളെ ബാധിക്കുന്നവ), പരിസ്ഥിതി പ്രശ്നങ്ങൾ (പ്രത്യേകിച്ചും പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ആഘാതം), അത് പോലെ തന്നെ ഈ പദ്ധതി വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത (പ്രത്യേകിച്ചും ഈ പദ്ധതിയുടെ ഫണ്ടിങ്ങ്, ഈ പദ്ധതി അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ബാധ്യത,  യാത്രയുടെ ചിലവ്), തുടങ്ങിയവ. 

ഇതെല്ലാം കൂടുതൽ പഠനവും, കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്നങ്ങളാണ്. അത് കൊണ്ട് തന്നെ ഞാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത് ഈ വിഷയം കൃത്യമായും പഠിക്കാനും, ചർച്ച ചെയ്യാനും ഒരു ഫോറം രൂപീകരിക്കേണ്ടതുണ്ട് എന്നതാണ്. പ്രസ്തുത ഫോറത്തിൽ സർക്കാർ പ്രതിനിധികളോടൊപ്പം, സാങ്കേതികരംഗത്തും അതെ പോലെ അഡ്മിനിട്രേറ്റിവ് രംഗത്തുമുള്ള കെ റെയിൽ പദ്ധതിയുടെ വിദഗ്ധരും, ജനപ്രതിനിധികളും, പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ഓരോരുത്തരും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഒരു തുറന്ന പഠനത്തിനും കൂടിയാലോചനക്കും ചര്ച്ചക്കും വിധേയമാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളൂ. 

Also Read: KSEB | സിൽവർ ലൈൻ പദ്ധതിക്ക് ആവശ്യമായ വൈദ്യുതി നൽകാൻ കെഎസ്ഇബി തീരുമാനം

അത്തരമൊരു പ്രക്രിയയിലൂടെ മാത്രമേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. മാത്രവുമല്ല അതിലൂടെ നമുക്ക് ഈ സങ്കീർണ്ണവും, അതേ സമയം  പ്രധാനപ്പെട്ടതുമായ വികസന  പദ്ധതിയുടെ കാര്യത്തിൽ കൃത്യമായ ഒരു തീരുമാനത്തിലെത്താൻ കഴിയുകയും ചെയ്യും."

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News