കോൺഗ്രസിന് തീരെ വേരോട്ടമില്ലാത്ത പാലക്കാട് ജില്ലയിൽ കോൺഗ്രസ് കൊടി പാറിച്ച നേതാവായിരുന്നു കെ ശങ്കരനാരായണൻ. സിപിഎം കോട്ടയായ പാലക്കാടിന്‍റെ ചുവന്ന മണ്ണിൽ ത്രിവർണ്ണ കൊടി പാറിയത് ശങ്കരനാരായണൻ നേതാവായി വളർന്ന ശേഷമാണ്. 1977 ൽ തൃത്താല മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് എന്നീ മണ്ഡലങ്ങളും ശങ്കരനാരായണനെ സ്വന്തം പ്രതിനിധിയായി തിരുവനന്തപുരത്തേക്ക് അയച്ചു.
1977-78 ലെ കെ കരുണാകരൻ മന്ത്രിസഭയിലെ അംഗമായിരുന്ന ശങ്കരനാരായണൻ, 2001-04 ൽ A K ആന്റണി മന്ത്രിസഭയിലും അംഗമായി. കൃഷി, സാമൂഹികക്ഷേമം, ധനകാര്യ-എക്സൈസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്ത ശങ്കരനാരായണൻ ആറ് സംസ്ഥാനങ്ങളുടെ ഗവർണറായും തിളങ്ങി.1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ച ശങ്കരനാരായണൻ, ചെറുപ്പത്തിലെ കോൺഗ്രസിൽ ചേർന്നു. മികച്ച സംഘാടകനായ ശങ്കരനാരായണൻ പാലക്കാട് ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് പിന്നാലെ ഉയർത്തപ്പെട്ടു. മികച്ച സംഘാടകനായിരുന്നു ശങ്കരനാരായണൻ. ഇന്നത്തെ പല കോൺഗ്രസ് നേതാക്കളുടെയും രാഷ്ട്രീയ ഗുരു കൂടിയാണ് അദ്ദേഹം. കോൺഗ്രസിലെ മികച്ച പ്രാസംഗകരിൽ ഒരാളായും ശങ്കരനാരായണൻ തിളങ്ങി.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ച ശങ്കരനാരായണനെ തേടിയെത്തിയത് 2007ൽ അരുണാചൽ പ്രദേശിന്‍റെ ഗവർണറായി നിയമിതനായി. 2009ൽ ജാർഖണ്ഡ്, 2010ൽ മഹാരാഷ്ട്രയിലും ഗവർണറായി നിയമിതനായി. 2012ൽ മഹാരാഷ്ട്രയിൽ ഗവർണറായി തന്നെ പുനർനിയമനവും ലഭിച്ചു. 2014ൽ മിസോറാമിലും ഗവർണറായി നിയമിക്കപ്പെട്ടു. മിസോറാമിൽ ഇരിക്കുമ്പോഴാണ് അദ്ദേഹം ഗവർണർ സ്ഥാനം രാജിവച്ചത്. തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ കാമരാജിന്‍റെ അടുത്ത അനുയായി ആയിരുന്നു ശങ്കരനാരായണൻ. കോൺഗ്രസ് പിളർന്നപ്പോഴും ശങ്കരനാരായണൻ സംഘടനാ കോൺഗ്രസിൽ ഉറച്ച് നിന്നു.
അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോൾ അതുല്യഘോഷ്, എസ് കെ പാട്ടീൽ, കാമരാജ് എന്നിവർക്കൊപ്പം സംഘടനാ കോൺഗ്രസിന്‍റെ പ്രവർത്തക സമിതി അംഗമായിരുന്നു ശങ്കരനാരായണൻ. അടിയന്തരവസ്ഥാ കാലത്തിൽ അറസ്റ്റിലായ ശങ്കരനാരായണൻ, പൂജപ്പുര ജയിലിൽ അടയ്ക്കപ്പെട്ടു. കാമരാജിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പൂജപ്പുര ജയിലിൽ നിന്നുമാണ് ശങ്കരനാരായണൻ പോയത്. കേരളത്തിൽ യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിനും ശങ്കരനാരായണൻ അക്ഷീണം പരിശ്രമിച്ചു. 1985 മുതൽ 2001 വരെ യുഡിഎഫ് കൺവീനറായി ശങ്കരനാരായണൻ സേവനം ചെയ്തു. ശങ്കരനാരായണന്‍റെ മരണത്തിലൂടെ കോൺഗ്രസിന് നഷ്ടമാകുന്നത് പാർട്ടിയിലെ തന്നെ ഏറ്റവും മുതിർന്ന നേതാവിനെയും രാഷ്ട്രീയ ഗുരുവിനെയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...