പെരുമഴ പെയ്തൊഴിഞ്ഞു; ഇനി സർവ്വോപരി പുതുപ്പള്ളി

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ്സ് സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നാകും എന്ന് കെപിസിസി പ്രസിഡൻറ് തിരുത്തിയും തിരുത്താതെയും പറഞ്ഞതിൽ തെറ്റ് പറയാനാവില്ല

Written by - M.Arun | Edited by - Zee Malayalam News Desk | Last Updated : Jul 24, 2023, 05:28 PM IST
  • പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തരുത് എന്ന കെ.സുധാകരൻറെ അപക്വമായ വാചകം കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് കൂടുതൽ ചർച്ചയാവുന്നത്
  • ബലാബലർ എന്നൊക്കെ വിശേഷിപ്പിക്കാമോ എന്ന് സംശയമുണ്ടെങ്കിലും രണ്ട് പേരും വ്യത്യസ്ഥ തലങ്ങളിൽ പ്രഗത്ഭർ.
  • പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി കുടുംബത്തിൽ നിന്ന് ആരെങ്കിലും മത്സരിച്ചാൽ അതാരായിരിക്കും എന്ന് വ്യക്തം
പെരുമഴ പെയ്തൊഴിഞ്ഞു; ഇനി സർവ്വോപരി പുതുപ്പള്ളി

പെരുമഴ പെയ്തൊഴിഞ്ഞൊരു മണ്ണിൽ ചവിട്ടി നിൽക്കുന്ന അതേ ഫീലിംഗാണ് കോൺഗ്രസ്സിനിപ്പോൾ പുതുപ്പള്ളി. ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് പുതുപ്പള്ളിയിൽ എത്തും വരെ കടന്നു പോയ ഏതാണ്ട് 34.5 മണിക്കൂർ ബൈ ഇലക്ഷൻ എന്ന പ്രോഗ്രസ്സ് കാർഡിനെ പറ്റി കോൺഗ്രസ്സ് ചിന്തിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അത് ചിന്തിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹത്തിന് കിട്ടിയ ജനപിന്തുണയിൽ കോൺഗ്രസ്സ് മനസ്സിലാക്കിയിട്ടുണ്ടാവണം. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവിനായി അവർ പറ്റാവുന്നതെല്ലാം ചെയ്തു. അവസാന നിമിഷം വരെയും. അതിൽ തർക്കമില്ല.

ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന മികവ് കൂടിയായിരുന്നു പലപ്പോഴും കോൺഗ്രസ്സിൻറെ വെർച്വൽ മാർക്കറ്റിംഗ് എന്ന് പറയണം. അതിൽ ശരി തെറ്റുകൾ ഉണ്ടാവാൻ സാധ്യതയുണ്ടോ? പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ്സ് സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നാകും എന്ന് കെപിസിസി പ്രസിഡൻറ് തിരുത്തിയും തിരുത്താതെയും പറഞ്ഞു. പിന്നാലെ ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ അച്ചു ഉമ്മൻ താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും പറഞ്ഞു. അത് തികച്ചും യാദൃശ്ചികം. കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മൻ ആണെന്ന് പറയാനും അച്ചു ഉമ്മൻ മടി കാണിച്ചില്ല. അതായത് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി കുടുംബത്തിൽ നിന്ന് ആരെങ്കിലും മത്സരിച്ചാൽ അതാരായിരിക്കും എന്ന് വ്യക്തം.

ALSO READ: പുതുപള്ളിയിൽ സ്ഥനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ; മകനോ മകളോയെന്ന് കുടുംബത്തിന് തീരുമാനിക്കാമെന്ന് കെ സുധാകരൻ

മണ്ഡലം പുതുപ്പള്ളി മാത്രം

എട്ട് പഞ്ചായത്തുകളടങ്ങുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ചരിത്രത്തിൽ രണ്ട് വട്ടം മാത്രമാണ് സിപിഎം ജയിച്ചത്. 1965-ലും, 1967-ലും പുതുപ്പള്ളിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക കമ്മ്യൂണിസ്റ്റ് എംഎൽഎ ഇഎം ജോർജ് ആയിരുന്നു. 1965-ൽ അദ്ദേഹത്തിന് ലഭിച്ചത് 1835 വോട്ടുകളുടെ ഭൂരിപക്ഷമാണെങ്കിൽ 1967-ൽ 5,552 വോട്ടുകളായിരുന്നു . 1970-ൽ ഉമ്മൻ ചാണ്ടിയുടെ വിജയത്തോടെ മണ്ഡലം മറ്റൊരു ചരിത്രത്തിലേക്ക്  കടക്കുകയായിരുന്നു.  7,288 വോട്ടായിരുന്നു അന്ന് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം. അദ്ദേഹത്തിൻറെ അവസാന തിരഞ്ഞെടുപ്പിൽ (2021-ൽ) അത് 9,044 ആയിരുന്നു. 

അവസാന ടേമുകളിലെ വോട്ടിങ്ങ് കണക്ക് വെറുതേ നോക്കിയാൽ പ്രകടമായ മറ്റൊരു മാറ്റം കാണാം.  അതിൽ 2011-ലെ തിരഞ്ഞെടുപ്പിൽ സുജ സൂസൻ ജോർജിനെതിരെ മത്സരിച്ചപ്പോൾ ഉമ്മൻ ചാണ്ടിക്ക് ഭൂരിപക്ഷം 33,255 വോട്ടുകളും 2016-ൽ ജെയ്ക് സി തോമസിനെതിരെ മത്സരിച്ചപ്പോൾ 27,092- ഉം ആയിരുന്നു. ഒറ്റ വാക്കിൽ വോട്ടിടിഞ്ഞു എന്നത് വൃക്തം. അത് കൊണ്ട് തന്നെ 2026-ലെ തിരഞ്ഞെടുപ്പിൽ ചെറുതല്ലാത്ത ആശങ്കയും കരുതലും കോൺഗ്രസ്സിന് നിർബന്ധമായും വേണ്ടതുമാണ് ഇവിടെ.

ഫിറ്റ് / ഫിക്സ്- ദ കാൻഡിഡേറ്റ്

പുതുപ്പള്ളിക്ക് പറ്റിയൊരാൾ എന്ന ആശയം കോൺഗ്രസ്സിൽ ചർച്ച ചെയ്യേണ്ടി വരുമോ? എന്നറിയില്ല അങ്ങിനെയാണെങ്കിലും ചാണ്ടി ഉമ്മനെ കടന്ന് മറ്റൊരു സ്ഥാനാർഥിയിൽ അത് എത്തിച്ചേരാൻ സാധ്യത വളരെ കുറവാണ്. ഇനി സിപിഎമ്മിൽ നോക്കിയാൽ ജെയ്ക് സി തോമസിനേക്കാൾ നല്ല മറ്റൊരു സ്ഥാനാർഥിയെ എകെജി സെൻററും തീരുമാനിക്കുമോ എന്നത് കണ്ടറിയേണ്ടത് തന്നെ. ബലാബലർ എന്നൊക്കെ വിശേഷിപ്പിക്കാമോ എന്ന് സംശയമുണ്ടെങ്കിലും രണ്ട് പേരും വ്യത്യസ്ഥ തലങ്ങളിൽ പ്രഗത്ഭർ.

ജൂലൈ 20-ന് മനോരമ പ്രസിദ്ധീകരിച്ച  ഉമ്മൻ ചാണ്ടിയുടെ കുടുംബ ചിത്രത്തിൽ ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ്സ് നാഷ്ണൽ ഔട്ട് റീച്ച് സെല്‍ ചെയർമാൻ എന്നാണ് പറഞ്ഞിരിക്കുന്നത്.ഡൽഹി ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ദ സ്റ്റേറ്റ്മാൻ എന്ന പത്രത്തിൻറെ ഓണ്‍ലൈന്‍ വിഭാഗം പ്രസിദ്ധീകരിച്ച വാർത്തയിൽ ചാണ്ടി ഉമ്മനെ പറ്റി മറ്റ് ചിലത് കൂടി പറയുന്നുണ്ട്.

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും,ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം .പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും അമിറ്റി യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ഫാക്കൽറ്റിയുമാണ്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചാണ്ടി ഉമ്മനും ഉണ്ടായിരുന്നതായി സ്റ്റേറ്റ്സ്മാൻ  കൂട്ടിച്ചേർക്കുന്നു. താരതമ്യേനെ ഒരു യുവ സ്ഥാനാർഥിക്ക് യോജിച്ച പ്രൊഫൈൽ.

ALSO READ: K Sudhakaran: ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് എന്ന് പറഞ്ഞിട്ടില്ല; കെ.സുധാകരൻറെ മലക്കം മറിച്ചിൽ

കോട്ടയം സി.എം.എസ് കോളേജിൽ പഠിച്ച ജെയ്ക് സി.തോമസ് ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദധാരിയാണ് ഇൻറർ നാഷണൽ റിലേഷൻസിൽ അദ്ദേഹത്തിന് ബിരുദാനന്തര ബിരുദമുണ്ട്. സിപിഎമ്മിൻറെ സംസ്ഥാന കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ് അദ്ദേഹം. ആദ്യമായി പുതുപ്പള്ളിയിൽ സ്ഥാനാർഥിയായപ്പോൾ പുതുപ്പള്ളിക്കൊരു പുസ്തകം എന്ന പേരിൽ നടപ്പാക്കിയ ജെയ്ക്കിൻറെ പരിപാടി വളരെ അധികം ശ്രദ്ധ പിടിച്ച് പറ്റി.സിപിഎമ്മിൻറെ യുവ മുഖങ്ങളിലൊന്നും, പാർട്ടിയുടെ പ്രതിരോധ നിരയിലെ മിടുക്കൻമാരിലൊരാളും എന്ന് വേണമെങ്കിൽ ജെയ്ക്കിനെ വിശേഷിപ്പിക്കാം. അത് കൊണ്ട് തന്നെ രണ്ട് പേരും മികച്ച സ്ഥാനാർഥികൾ തന്നെ.എങ്കിലും സജീവ രാഷ്ട്രീയക്കാരൻ എന്ന മെറിറ്റ് ജെയ്ക്കിന് തന്നെ.

ആര് ജയിച്ചാലും...

പുതുപ്പള്ളിയിൽ പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തരുത് എന്ന കെ.സുധാകരൻറെ അപക്വമായ വാചകം കൊണ്ടാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കൂടുതൽ ചർച്ചയാവുന്നത്. സഹതാപ തരംഗം കോൺഗ്രസ്സിൻറെ അനുകൂല ഘടമാണെങ്കിലും മത്സരമില്ലാത്തെ ഒരിക്കലും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നത് കെപിസിസി അധ്യക്ഷൻ മനസ്സിലാക്കേണ്ടുന്ന സത്യമാണ്. സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ്സിന് എപ്പോഴും സ്ലോ പ്രോസ്സസ്സാണ്. അത് കൊണ്ട് തന്നെ അത് എത്ര വൈകിയാലും അതിശയിക്കേണ്ടതില്ല. പുതുപ്പള്ളിയിലും വ്യത്യസ്തത കണ്ടേക്കില്ല. ആര് ജയിച്ചാലും പുതുപ്പള്ളി പ്രതീക്ഷിക്കുന്നത് മറ്റൊരു ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിൻറെ പ്രവർത്തന ശൈലികളെയും മാത്രമാണെന്ന് സൂചിപ്പിച്ച് കൊണ്ട് നിർത്തുന്നു..നമസ്കാരം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News