അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി സിപിഎം നേതാവ് കെ അനിൽകുമാർ. ചാണ്ടി ഉമ്മന്റെ പഴയ ഫേസ്ബുക്ക് കമന്റ് പങ്കുവച്ചാണ് ഫേസ്ബുക്കിൽ അനിൽകുമാർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ ചികിത്സ സംബന്ധിച്ച വിഡി സതീശന്റെ അവകാശ വാദങ്ങൾ തെറ്റാണെന്ന് കെ അനിൽകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിൽ ചാണ്ടി ഉമ്മൻ 2022 ഒക്ടോബറിൽ പറയുന്നത് ഉമ്മൻ ചാണ്ടിക്ക് ആയുർവേദ ചികിത്സ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂവെന്നാണ്. ഇതാണ് അനിൽകുമാർ പങ്കുവച്ചിരിക്കുന്നത്.
2019 മുതൽ ഉമ്മൻ ചാണ്ടിക്ക് നൽകിയ ചികിത്സകൾ വിശദീകരിച്ച് വിഡി സതീശൻ മാധ്യമങ്ങളെ കണ്ടിരുന്നു. അനിൽകുമാർ മൂന്നാംകിട നേതാവാണെന്ന വിഡി സതീശന്റെ പരാമർശത്തിനും അനിൽകുമാർ ഫേസ്ബുക്ക് കുറിപ്പിൽ മറുപടി നൽകി. ഇല്ലാത്ത അവകാശവാദങ്ങളാണ് വിഡി സതീശൻ ഉന്നയിക്കുന്നതെന്നും അനിൽകുമാർ ആരോപിച്ചു.
കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പ്രതിപക്ഷ നേതാവ് പറഞ്ഞത് കള്ളം.
ചാണ്ടി ഉമ്മൻ സംസാരിക്കട്ടെ.
ആദരണീയനായ ഉമ്മൻ ചാണ്ടിയെ തീ വെട്ടി കൊള്ളക്കാരനെന്ന് 2016ൽ വിഡി സതീശൻ വിളിക്കുമ്പോൾ ഉമ്മൻ ചാണ്ടി ഒന്നാം നിര രാഷ്ടീയക്കാരനായിരുന്നു. മൂന്നാംനിര രാഷ്ട്രിയക്കാർ സംസാരിക്കരുത് എന്ന സതീശൻ്റെ ഭാഷ്യം 2016ൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയപ്പോൾ സതീശൻ മറന്നു പോയോ?. അതിനാൽ സതീശൻ തന്നെയാണ് നിലവാരം നിശ്ചയിക്കാൻ കേമൻ.
ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മറികടന്ന് പ്രതിപക്ഷ നേതൃനിരയിൽ "പുനർജ്ജനി'' നേടിയ പ്രതിപക്ഷ നേതാവ് ഞാൻ ഉന്നയിച്ച ചോദ്യത്തിന് പറഞ്ഞ മറുപടി കളവല്ലേ. ഉമ്മൻ ചാണ്ടിയുടെ സഹോദരൻ പൊതുമണ്ഡലത്തിൽ ചികിത്സ സംബന്ധിച്ച് വെളിപ്പെടുത്തി. അത് മാധ്യമങ്ങളിൽ വന്നു. സർക്കാർ ഇടപ്പെട്ടു. ഇത്രയും സത്യം.
ഉമ്മൻ ചാണ്ടി സ്മരണയിൽ വിതുമ്പുന്ന സതീശനും സംഘത്തിനും ഉമ്മൻ ചാണ്ടിയുടെ സഹോദരനെ ബോധ്യപ്പെടുത്താനാകാതിരുന്ന കാര്യങ്ങളാണ് നൽകപ്പെട്ട ചികിത്സയുടെ അവകാശവാദങ്ങളായി സതീശൻ ഇന്നു പറഞ്ഞത്. പക്ഷെ തെറ്റി. 2022 ൽ ഒക്ടോബർ മാസം ബഹു.ചാണ്ടി ഉമ്മൻ നൽകിയ പോസ്റ്റ് വായിക്കുക. ആവശ്യമുള്ളവർക്ക് ലിങ്ക് ലഭ്യവുമാണ്. ഏതു ചർച്ചയിലാണ് അത് എഴുതിയതെന്നു കാണുക.
ആയുർവേദ ചികിത്സ മാത്രം ആവശ്യമുണ്ടായിരുന്നുവെന്നു ചാണ്ടി ഉമ്മൻ, പ്രതിപക്ഷ നേതാവാകട്ടെ എന്തെല്ലാം അവകാശവാദങ്ങൾ ഉന്നയിച്ചു. "ഇല്ലാത്ത രോഗത്തിന് വല്ലാത്ത ചികിത്സ നൽകിയവർ " തുറന്നു കാട്ടപ്പെടുകയാണ്. ചാണ്ടി ഉമ്മൻ നിഷേധിച്ചാൽ ഫുൾ ലിങ്ക് ഹാജരാക്കാം.
അഡ്വ.കെ.അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...