കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാകും. ഈ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി അഭിമുഖീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
പുതുപ്പള്ളിയിൽ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പോരാട്ടമാണ് ഉദ്ദേശിക്കുന്നത്. സർക്കാരല്ല, പ്രതിപക്ഷമാണ് തിരഞ്ഞെടുപ്പിൽ വിചാരണ ചെയ്യപ്പെടാൻ പോകുന്നത്. എല്ലാ വികസന പ്രവര്‍ത്തനത്തെയും എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് വികസനത്തിന് വോട്ടുണ്ടെന്ന് പ്രതിപക്ഷത്തിന് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ടൊവിനോയുടെ വില്ലനായി വിനയ് റായ്? 'ഐഡന്റിറ്റി'ലെ പുതിയ പോസ്റ്റർ
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ല എന്ന അജണ്ട വച്ച് തീരുമാനിച്ച് സംഘടിതമായി എല്ലാ വികസന പ്രവര്‍ത്തനത്തേയും എതിര്‍ക്കുന്ന ഒരു പ്രതിപക്ഷമാണുള്ളതെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ലോകത്തിന് മാതൃകയാകുന്ന ഫലപ്രദമായ ഇടപെടലുകള്‍ പോലും അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിര്‍ക്കുന്ന ഒരു നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ലെന്നും പുതുപ്പള്ളിയിൽ ചർച്ച ചെയ്യാൻ പോകുന്നത് വികസനമാണെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ഇതുസംബന്ധിച്ച് എം.വി ഗോവിന്ദൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കോട്ടയത്ത് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ നേരിടാൻ ഇറങ്ങുന്ന ജെയ്കിൻ്റെ മൂന്നാം അങ്കമാണിത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനായി കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേരും ജെയ്ക്കിൻ്റെയായിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. പുതുപള്ളിയിലേത് രാഷ്ട്രീയ പോരാട്ടമാണെന്നും എന്നാൽ അതിനെ വൈകാരികമാക്കി മാറ്റാൻ ചില മാധ്യമങ്ങൾ ശ്രമിച്ചുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. മന്ത്രി വി.എൻ വാസവൻ, സംസ്ഥാന സമിതിയംഗം അഡ്വ. അനിൽ കുമാർ, ജില്ലാ സെക്രട്ടറി എ.വി റസൽ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...