പാലക്കാട് മേലേമുറിയിൽ ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് പോപുലർ ഫ്രണ്ട്. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് വ്യക്തമാക്കി. സംഘടന ഒരു അക്രമത്തിനും കൂട്ട് നിൽക്കില്ല. പ്രതികൾക്കൊപ്പം ഒത്തുകളിക്കുകയാണ് പോലീസ്. സുബൈർ വധക്കേസിൽ സഞ്ജിത്തിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുക്കണമെന്നും റൗഫ് ആവശ്യപ്പെട്ടു.
അതേസമയം പോപുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ ഒരു വർഷം മുൻപ് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളുമുണ്ടെന്നാണ് വിവരം. ഒരു വർഷം മുമ്പ് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത് എന്നിവരാണ് സുബൈർ കൊലക്കേസിലും പിടിയിലായത്. സുബൈർ വധക്കേസിൽ ഉൾപ്പെട്ട നാല് പേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ജനീഷ്, ഷൈജു എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പ്രതികൾ. ഇവരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
രാഷ്ട്രീയ പകയുടെ പേരിൽ 24 മണിക്കൂറുകൾക്കിടെ രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെടുന്നത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു ക്രൂരമായ കൊലപാതകം. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തുകയും സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. രണ്ട് കാറുകളിലായെത്തിയ സംഘമായിരുന്നു ആക്രമണം നടത്തിയത്. സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച കാറുകളിലെന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
സംഘര്‍ഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൊലപാതകങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് രണ്ടാമത്തെ കൊലപാതകവും സംഭവിക്കുകയായിരുന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് ഇന്ന് കൊല്ലപ്പെട്ടത്. ആറംഗ സംഘമാണ്. ശ്രീനിവാസനെ കൊലപ്പെടുത്തിയത് . ഒരു സ്കൂട്ടറിലും രണ്ട് ബൈക്കിലുമായിരുന്നു സംഘം എത്തിയത്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് വാഹനങ്ങൾ തിരിച്ചറിഞ്ഞത്.
മൂന്ന് പേരാണ് മാരകായുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മൂന്ന് പേർ വാഹനങ്ങളിൽ തന്നെ ഇരിക്കുകയായിരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തിൽ കയറിയതോടെ സംഘം മടങ്ങുകയും ചെയ്തു. ജനം ആക്രമണത്തിന്റെ ഞെട്ടലിൽ പരിഭ്രാന്തിയോടെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. അക്രമം വ്യാപിക്കാതിരിക്കാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...