തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ (Education Department) ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചതായി മന്ത്രി വി ശിവൻകുട്ടി. സെപ്റ്റംബർ ഒമ്പതിന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലർ (Circular) ആണ് പിൻവലിച്ചത്.
സാഹിത്യ സംസ്കാരിക രംഗങ്ങളിൽ ഏർപ്പെടുന്നതിനായി അനുമതി ആവശ്യപ്പെട്ടുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ശുപാർശ ചെയ്യുന്നതിലേക്കുള്ള നിർദ്ദേശങ്ങളാണ് സർക്കുലറിൽ പുറപ്പെടുവിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ഈ സർക്കുലർ കലാ സാഹിത്യ സംസ്കാരിക പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അത്തരം ഉദ്ദേശ്യം ഈ സർക്കുലറിന് ഉണ്ടായിരുന്നില്ല എന്ന് അറിയിക്കുന്നു.
ALSO READ: Covid-19: ക്വാറന്റീൻ സ്പെഷ്യൽ കാഷ്വൽ ലീവ് ഏഴ് ദിവസമാക്കി ഉത്തരവിറക്കി
അനുമതിക്കായി സമർപ്പിക്കപ്പെടുന്ന സാഹിത്യ സൃഷ്ടിയുടെ സർഗാത്മകതയോ ഏതെങ്കിലും തരത്തിലുളള ഗുണമേന്മാ പരിശോധനയോ വിദ്യാഭ്യാസ ഓഫീസർ തലത്തിൽ നടത്തുമെന്നതല്ല ഈ സർക്കുലർ കൊണ്ട് ഉദ്ദേശിച്ചത്. അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെടുന്ന സത്യപ്രസ്താവനയിൽ പറയുന്ന തരത്തിൽ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ നിബന്ധനകൾക്ക് വിധേയമായി പരിശോധിക്കുക മാത്രമാണ് ഉദ്ദേശിച്ചത്.
സർക്കുലറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ആണ് വിഷയത്തിൽ ഇടപെട്ട് സർക്കുലർ പിൻവലിക്കാൻ നിർദേശം നൽകിയത്. കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി (V Sivankutty) വ്യക്തമാക്കി. എന്നാൽ ഉത്തരവ് ഇറക്കാനുള്ള സാഹചര്യം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...