സതീശന്റെ നെഞ്ചിടിപ്പ് കൂട്ടി വീണ്ടും 'തരൂര്‍ സ്‌ട്രൈക്ക്'; മുഖ്യമന്ത്രിയാകാന്‍ ധൃതിയില്ല, ഇപ്പോഴൊരു മുഖ്യമന്ത്രിയുണ്ടല്ലോ...

Tharoor for CM: നാളെയെ കുറിച്ച് താന്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് തരൂര്‍ പറഞ്ഞത്. 'നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കു' എന്നതായിരുന്നു എഐസിസി തിരഞ്ഞെടുപ്പില്‍ തന്റെ പ്രചാരണ മുദ്രാവാക്യം എന്ന് കൂടി തരൂര്‍ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 05:32 PM IST
  • പാര്‍ട്ടിയും ജനങ്ങളും ആണ് കാര്യങ്ങള്‍ തീരുമാനിക്കുക, താന്‍ എന്തിനും തയ്യാറാണെന്നും ശശി തരൂര്‍ പറഞ്ഞു
  • 'കേരളത്തിന് ഇപ്പോള്‍ ഒരു മുഖ്യമന്ത്രിയുണ്ട്, അദ്ദേഹത്തിന് ഭരിക്കാന്‍ ഭൂരിപക്ഷവും ഉണ്ട്'
  • തരൂർ ലോക്സഭയിലേക്കില്ലെങ്കിൽ അതൊരു അവസരമായിട്ടെടുക്കാൻ ബിജെപിയും മുന്നിലുണ്ട്
സതീശന്റെ നെഞ്ചിടിപ്പ് കൂട്ടി വീണ്ടും 'തരൂര്‍ സ്‌ട്രൈക്ക്'; മുഖ്യമന്ത്രിയാകാന്‍ ധൃതിയില്ല, ഇപ്പോഴൊരു മുഖ്യമന്ത്രിയുണ്ടല്ലോ...

തിരുവനന്തപുരം: ശശി തരൂരിന്റെ കേരളത്തിലേക്കുള്ള വരവ് കോണ്‍ഗ്രസില്‍ വലിയ കൊടുങ്കാറ്റുകള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തരൂര്‍ താത്പര്യം പ്രകടിപ്പിച്ചതിന് പിറകെ വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രതികരണങ്ങള്‍ അതിന് തെളിവാണ്. ഇപ്പോഴിതാ, സതീശന്‍ അടക്കമുള്ളവര്‍ക്ക് മുഖമടച്ച് മറുപടി നല്‍കിയിരിക്കുകയാണ് തരൂര്‍.

മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയാന്‍ തനിക്ക് ആവില്ലെന്നാണ് തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടിയും ജനങ്ങളും ആണ് കാര്യങ്ങള്‍ തീരുമാനിക്കുക. താന്‍ എന്തിനും തയ്യാറാണെന്നും ശശി തരൂര്‍ പ്രതികരിച്ചു. കേരളത്തിന് ഇപ്പോള്‍ ഒരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് ഭരിക്കാന്‍ ഭൂരിപക്ഷവും ഉണ്ട്. അതുകൊണ്ട് മൂന്ന് വര്‍ഷം കാത്തിരിക്കണം എന്ന് കൂടി തരൂര്‍ പറയുന്നുണ്ട്. 'ഇപ്പോള്‍ നമുക്കൊരു മുഖ്യമന്ത്രിയുണ്ട്' എന്നായിരുന്നു തരൂരിന്റെ കൃത്യമായ പ്രയോഗം.

തരൂരിന്റെ നീക്കങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. ആ എതിര്‍പ്പുകളെ കൂടി ലക്ഷ്യം വച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നാളെയെ കുറിച്ച് താന്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് തരൂര്‍ പറഞ്ഞത്. 'നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കു' എന്നതായിരുന്നു എഐസിസി തിരഞ്ഞെടുപ്പില്‍ തന്റെ പ്രചാരണ മുദ്രാവാക്യം എന്ന് കൂടി തരൂര്‍ പറഞ്ഞു. എഐസിസി തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നേതാക്കളില്‍ ഭൂരിപക്ഷം പേരും തരൂരിന് എതിരായിരുന്നു എന്ന് കൂടി ഓര്‍ക്കണം. 

കേരളത്തില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ ചൊടിപ്പിക്കുന്നുണ്ട് എന്ന് തരൂര്‍ ശരിക്കും തിരിച്ചറിയുന്നുണ്ട്. താന്‍ ഓരോ ദിവസവും വിവിധ എന്‍ജിഒകളേയും അസോസിയേഷന്‍ ഭാരവാഹികളേയും കാണുന്നുണ്ട്. അതിനൊപ്പം മാത്രമാണ് സമുദായ നേതാക്കളേയും രാഷ്ട്രീയ നേതാക്കളേയും കാണുന്നത്. ഇതില്‍ രണ്ടാമത് പറഞ്ഞവരുമായുള്ള കൂടിക്കാഴ്ചകള്‍ മാത്രമാണ് വാര്‍ത്തയാകുന്നത് എന്നതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ മാധ്യമങ്ങളുടെ ശ്രദ്ധ പോലെ അല്ല തന്റെ ശ്രദ്ധ എന്ന മറുപടിയില്‍ എല്ലാം ഉള്‍ക്കൊള്ളിക്കുകയും ചെയ്തു.

2026 ല്‍ ആണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇനിയും മൂന്ന് വര്‍ഷങ്ങള്‍ അതിന് ബാക്കിയുണ്ട്. അതിന് മുമ്പ് 2024 ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കും. 2019 ല്‍ കോണ്‍ഗ്രസിന് ഏറ്റവും അധികം സീറ്റ് ലഭിച്ചത് കേരളത്തില്‍ നിന്നായിരുന്നു. ദേശീയ തലത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞതുമില്ല. ഇത്തവണയും ബിജെപി ഭരണത്തിന് വെല്ലുവിളി സൃഷ്ടിക്കുംവിധം ഒരു പ്രകടനം കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പോലും കരുതുന്നത്. അതുകൊണ്ട് തന്നെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒട്ടുമിക്ക നേതാക്കളും താത്പര്യം പ്രകടിപ്പിക്കുന്നില്ല. 

ശശി തരൂരിന്റെ കേരളത്തിലേക്കുള്ള വരവിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നും അത് തന്നെ ആയിരിക്കും. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് കിട്ടുന്ന അവഗണനയും ഒരു കാരണമായി വിലയിരുത്തേണ്ടിവരും. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തരൂരിന്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡിനെ ഏറെ ചൊടിപ്പിച്ചിരുന്നു. പുന:സംഘടനയിൽ തരൂരിന് ദേശീയ തലത്തിൽ എന്തെങ്കിലും ചുമതല നൽകുമോ എന്നത് പോലും സംശയമാണ്. 

ശശി തരൂർ കേരള രാഷ്ട്രീയത്തിലേക്ക് വരുന്നു എന്ന വാർത്ത ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നത് ബിജെപിയാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും തിരുവനന്തപുരം മണ്ഡലത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് തരൂർ എതിർസ്ഥാനാർത്ഥി ആയതുകൊണ്ടാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. തരൂർ മത്സര രംഗത്തില്ലെങ്കിൽ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുക എന്ന ആലോചന ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകും. നിലവിൽ ബിജെപി കോർ കമ്മിറ്റി അംഗം കൂടിയാണ് സുരേഷ് ഗോപി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News