തിരുവനന്തപുരം: ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള എൽജെഡി ലാലുപ്രസാദ് യാദവിന്റെ പാർട്ടിയായ ആർജെഡിയിൽ ലയിച്ചു. ന്യൂഡൽഹിയിൽ ശരദ് യാദവിന്റെ വസതിയിലാണ് യോഗം ചേർന്നത്. അതേസമയം എം വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള എൽജെഡി കേരളാ ഘടകം ലയനത്തെ അനുകൂലിക്കാതെ മാറി നിൽക്കുകയാണ്.
ലയനവുമായി സഹകരിക്കാതെ മാറി നിൽക്കുന്ന കേരളാ ഘടകം പിരിച്ചുവിടില്ലെന്നും കേരളത്തിലെ നേതൃത്വവുമായി ചർച്ച നടത്താനുള്ള ഒരുക്കത്തിലാണെന്നും ശരദ് യാദവ് വ്യക്തമാക്കി.പാർട്ടി ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2024ലെ പൊതു തിരഞ്ഞെടുപ്പിൽ ജനതാ പരിവാറുകളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ശരദ് യാദവും ലാലു പ്രസാദ് യാദവും ലയനത്തിന് തുടക്കമിട്ടിട്ടുള്ളത്. കേരളത്തിൽ ലയനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്.
ആർജെഡിയുമായി ലയിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെടുമ്പോൾ കേരളത്തിലെ ബഹുഭൂരിപക്ഷം എൽജെഡി നേതാക്കളും സമാജ് വാദി പാർട്ടിയുമായി ലയിക്കണമെന്ന ആവശ്യത്തിലാണ് ഉറച്ചുനിൽക്കുന്നത്. എന്നാൽ പരസ്യമായ പ്രതികരണവുമായി ആരും തന്നെ ഇതുവരെ രംഗത്തെത്തിയിട്ടില്ല.
അതേസമയം, രാജ്യസഭാ സീറ്റ് ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് എൽജെഡി നേതാവ് എം വി ശ്രേയാംസ് കുമാർ. മുന്നണിക്കുള്ളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ എൽജെഡി കഴിഞ്ഞ ദിവസം സിപിഐക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.
ഈ വിഷയത്തിൽ എന്തുവേണമെന്ന് തീരുമാനിക്കാൻ ഉടൻ ചേരുന്ന സംസ്ഥാനകമ്മറ്റിയിൽ ലയന കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നാണ് എൽജെഡി കേരളാ ഘടകം നേതാക്കൾ നൽകുന്ന സൂചന.