Nava Kerala Sadas: നവകേരള സദസ്; സർക്കാരിനൊപ്പം ജനങ്ങൾ ഉണ്ടെന്ന സന്ദേശമാണിതെന്ന് മുഖ്യമന്ത്രി

Nava Kerala Sadas: നവകേരള സദസിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2023, 12:48 PM IST
  • ജനാധിപത്യപരമായ പ്രവർത്തനങ്ങൾ നിറവേറ്റുകയാണ് സർക്കാരിന്റെ കടമ.
  • നവകേരള സദസ്സിൽ ഇക്കാര്യങ്ങൾ കൃത്യമായി നിർവഹിക്കുന്നുണ്ട്.
  • 1908 പരാതികൾ കഴിഞ്ഞ ദിവസം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Nava Kerala Sadas: നവകേരള സദസ്; സർക്കാരിനൊപ്പം ജനങ്ങൾ ഉണ്ടെന്ന സന്ദേശമാണിതെന്ന് മുഖ്യമന്ത്രി

കാസർ​ഗോഡ്: നവകേരള സദസ്സിനായി എല്ലാ മനുഷ്യരും ഒരേ മനസ്സോടെ ഒത്തുചേർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പുരോഗതിക്ക് സർക്കാരിനൊപ്പം ജനങ്ങൾ ഉണ്ടെന്ന് സന്ദേശമാണിത്. ജനാധിപത്യ കേരളത്തിന്റെ ചരിത്രമായി നവകേരള സദസ് മാറുകയാണെന്ന് അദ്ദേഹം കാസർ​ഗോഡ് പറഞ്ഞു. 

കേന്ദ്ര നയത്തിനെതിരെ സർക്കാരിനൊപ്പം സ്വാഭാവികമായി ചേരേണ്ടതാണ് പ്രതിപക്ഷം. പ്രതിപക്ഷം ദുഷ്ടലാക്കോടെ പ്രവർത്തിക്കുകയാണ്. നാടിന്റെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യാതിരിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ്. അവരെ തിരുത്താൻ കഴിയില്ല. ജനാധിപത്യപരമായ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാനേ കഴിയൂ. ജനാധിപത്യപരമായ പ്രവർത്തനങ്ങൾ നിറവേറ്റുകയാണ് സർക്കാരിന്റെ കടമ. നവകേരള സദസ്സിൽ ഇക്കാര്യങ്ങൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ: കാറിനുള്ളിലെ എസി പ്രവര്‍ത്തിച്ച് വിഷ വാതകം, വിനോദ് തോമസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

1908 പരാതികൾ കഴിഞ്ഞ ദിവസം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതികൾ വേർതിരിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ട്. ഉദ്ഘാടനത്തിന് സ്ത്രീകളുടെ സാന്നിധ്യം അതിവിപുലമാണ്. സ്ത്രീ സംരക്ഷണത്തിന് സർക്കാർ സ്വീകരിക്കുന്ന നടപടിക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനമാണിതെന്നും പറഞ്ഞ മുഖ്യമന്ത്രി ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകവും പരാമർശിച്ചു. 

മനുഷ്യ മനസാക്ഷിയെ നടുക്കിയ ക്രൂര കുറ്റകൃത്യമാണ് ആലുവയിൽ നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകി. പ്രോസിക്യൂഷനും നിയമ സംവിധാനങ്ങളും ഇതിനായി അക്ഷീണം പ്രയത്നിച്ചു. കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്നാണ് സർക്കാർ സംവിധാനങ്ങൾ ഇടപെട്ടത്. പ്രതിക്ക് വധശിക്ഷക്കൊപ്പം 5 ജീവപര്യന്തവും 49 വർഷം കഠിന തടവും 7,20,000 രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയും ശക്തവും പഴുതടച്ചതുമായ ശിക്ഷാവിധി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ജൂലൈ 28ന് രാവിലെ ഏഴരയ്ക്കാണ് ആലുവ നായ്ക്കാട്ടുകര ഭാഗത്ത് നിന്ന് അതിഥി തൊഴിലാളിയുടെ മകളായ അഞ്ചു വയസ്സുകാരിയെ കാണാനില്ലെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് വിവരം ലഭിച്ചപ്പോൾ തന്നെ ആലുവ റൂറൽ പരിധിയിലെ മുഴുവൻ പോലീസ് സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. കുട്ടിയുമായി പ്രതി കെഎസ്ആർടിസി ബസിലാണ് പോയതെന്ന വിവരം ലഭിച്ചു. വിവരം ലഭിച്ചപ്പോൾ തന്നെ ഉച്ചയ്ക്കു ശേഷം സർവീസ് നടത്തിയ മുഴുവൻ കെഎസ്ആർടിസി ബസുകളും പരിശോധിച്ചു. 9:50ന് ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. മാർക്കറ്റ് വേസ്റ്റ് ഡബിംഗ് യാർഡിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തെന്നും അദ്ദേഹം പറഞ്ഞു. 

കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് ആലുവ റൂറൽ എസ്പി ഓഫീസിൽ ഒരു ഡാഷ് ബോർഡ് പ്രത്യേകം സജ്ജമാക്കിയിരുന്നു. ഓരോ ദിവസവും ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഡാഷ്ബോർഡിൽ രേഖപ്പെടുത്തി. അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുക എന്നതായിരുന്നു. 35-ാമത്തെ ദിവസം കുറ്റപത്രം സമർപ്പിച്ചു. സാധാരണഗതിയിൽ കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത് രാവിലെ 11നാണ്. എന്നാൽ പ്രത്യേക അതിവേഗ കോടതിയിൽ 10 മണിക്ക് തന്നെ നടപടികൾ ആരംഭിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. വിചാരണ കോടതി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രോസിക്യൂഷന്റെ ആവശ്യവുമായി സഹകരിക്കാൻ തയ്യാറായി. 

43 സാക്ഷികൾ, 95 അനുബന്ധ രേഖകൾ, 10 തൊണ്ടി മുതലുകൾ എന്നിവ ഹാജരാക്കി. 100 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിൽ വിചാരണ പൂർത്തിയാക്കി. പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെ വിചാരണയിലൂടെ കുറ്റവാളിക്ക് പരമാവധി ശിക്ഷ നൽകിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും അഭിനന്ദിക്കുകയും ചെയ്തു. 

കുട്ടിയുടെ മാതാപിതാക്കൾക്ക് സർക്കാർ സംരക്ഷണം നൽകിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ ആകില്ല. ഇത്തരക്കാർക്ക് എതിരെ മുഖം നോക്കാതെ കർശന നടപടി എടുക്കും. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ ഏർപ്പെടുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണ് കോടതി വിധി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്ന സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചു. ഈ സമീപനത്തിലുള്ള വിശ്വാസമാണ് ഇന്നലത്തെ അസാധാരണമായ വനിതാ പങ്കാളിത്തം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News