തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കാലവർഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാല് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ തുടർന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി അടുത്ത ദിവസങ്ങളിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലയോര തീരദേശ മേഖലകളിൽ ജാഗ്രത തുടരണം. ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ കാറ്റിനും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
കേരളതീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശിയടിച്ചേക്കാൻ സാധ്യതയുണ്ട്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Also Read: Gold Rate Today: ഇന്നും കൂടി...! ഇന്നത്തെ സ്വർണ്ണ വില അറിയാം
അതിനിടെ, മഴപെയ്തയിടങ്ങളിൽ മഴക്കെടുതിയും രൂക്ഷമായി തുടരുകയാണ്. കോഴിക്കോട് ഓമശേരിയിൽ പത്തു വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കുളത്തിൽ മീൻ പിടിക്കുന്നതിനിടെണ് മുഹമ്മദ് അജാസിന്റെ ജീവൻ നഷ്ടമായത്. ആലപ്പുഴ എടത്വയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര പറന്നുപോയി, ഒരാൾക്ക് പരിക്കേറ്റു. അമ്പലപ്പുഴ സ്വദേശി പ്രദീപിന്റെ വീടിൻ്റെ മുൻഭാഗം ശക്തമായ കാറ്റിൽ തകർന്നു.
കുട്ടനാടിൽ മഴ തുടരുകയാണ്. എടത്വ, തലവടി, അമ്പലപ്പുഴ തുടങ്ങി പ്രദേശങ്ങളിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി. വേമ്പനാട്ടുകായൽ പുന്നമടക്കായൽ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കുട്ടനാട്ടുകാർ വെള്ളപ്പൊക്ക ഭീതിയിൽ തുടരുകയാണ്.
കൊച്ചിയിലും കോഴിക്കോടും മഴയ്ക്ക് ചെറിയ ശമനമുണ്ട്. വരും മണിക്കൂറുകളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭത്തെ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തിരുവനന്തപുരത്ത് കിള്ളിയാർ കരകവിഞ്ഞൊഴുകുന്നത് തുടരുകയാണ്. തിരുവനന്തപുരം ജഗതി ബണ്ട് കോളനിയിലെ വീടുകളിലും റോഡുകളിലും കയറിയ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy