തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച ഓട്ടോറിക്ഷകളിലെ ഡ്രൈവർമാരെ കണ്ടെത്തി. രണ്ട് ഓട്ടോറിക്ഷകളിലാണ് ഇയാൾ സഞ്ചരിച്ചത്. ഡ്രൈവർമാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച കാർ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ പന്ത്രണ്ടാം തിയതി യുഎഇയിൽ നിന്ന് ഷാർജ–തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലെത്തിയ യുവാവിനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. വിമാനത്തിൽ യുവാവിന്റെ അടുത്ത സീറ്റുകളിലിരുന്ന 11 പേർ, യുവാവിന്റെ മാതാപിതാക്കൾ, ഓട്ടോ ഡ്രൈവർമാർ, ടാക്സി ഡ്രൈവർ, ആദ്യം ചികിത്സ തേടിയ കൊല്ലത്തെ ആശുപത്രിയിലെ ഡെർമന്റോളജിസ്റ്റ് എന്നിവരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കളും ഇവിടെ നിരീക്ഷണത്തിൽ കഴിയുകയാണ്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കൾക്ക് നിലവിൽ രോഗ ലക്ഷണങ്ങൾ ഒന്നുതന്നെയില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ മാത്രമേ ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കൂ.
കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു; റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ ആദ്യത്തെ കേസ്
തിരുവനന്തപുരം: കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇയാൾക്ക് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടതോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗം ബാധിച്ചയാൾ നിലവിൽ ഐസൊലേഷനിലാണ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിൾ പരിശേധിച്ചതിന്റെ ഫലം വന്നതോടെയാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചയാൾ നാല് ദിവസം മുൻപാണ് യുഎഇയിൽ നിന്നും കേരളത്തിൽ എത്തിയത്. കൊല്ലം ജില്ലക്കാരനാണ് രോഗി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ അടക്കം 11 പേർ ക്ലോസ് കോണ്ടാക്ട് ലിസ്റ്റിലുണ്ട്. അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്.
കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വളരെ അടുത്ത കോൺടാക്ട് ഉണ്ടെങ്കിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങൾ കാണിച്ചേക്കും. 21 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്.
യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കി പോക്സിൻ്റെ പ്രധാനം ലക്ഷണം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യൂറോപ്പില്‍ പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്നും വീണ ജോർജ് അറിയിച്ചു. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചുവെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ
''സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ച സമയത്ത് തന്നെ മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണ്.
മങ്കിപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡിനെ പോലെ മങ്കിപോക്‌സിനേയും നമുക്ക് പ്രതിരോധിക്കാനാകും.''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...