കൊച്ചി: ഇടുക്കിയിൽ ജനവാസ മേഖലയിൽ നിരന്തരം ആക്രമണം നടത്തുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ കാട്ടാന നാശം വിതയ്ക്കുന്നതിനെ തുടർന്നാണ് വനംവകുപ്പ് കാട്ടാനയെ പിടികൂടി മാറ്റാൻ തീരുമാനിച്ചത്. എന്നാൽ, അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനം എടുക്കണമെന്നാണ് കോടതിയുടെ നിർദേശം.
എന്നാല്‍, അരിക്കൊമ്പനെ ഉടൻ പിടികൂടണമെന്നാണ് കോടതിയോട് സർക്കാർ ആവശ്യപ്പെടുന്നത്. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കിൽ നാളെ മറ്റൊരാന ആ സ്ഥാനത്തേക്ക് വരും. ഇക്കാര്യത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. ആനയുടെ ആക്രമണം തടയാൻ സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ശാശ്വത പരിഹാര മാർഗങ്ങൾ നിർദേശിക്കാനും കോടതി ആവശ്യപ്പെട്ടു. ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യം. പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യും എന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്നായിരുന്നു സർക്കാരിന്റെ മറുപടി. സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
കാട്ടാനയെ അവിടെനിന്ന് മാറ്റിയാൽ പ്രശ്നം തീരുമോ? ഈ സാഹചര്യത്തിൽ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും കോടതി നിരീക്ഷിച്ചു. ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതിനേക്കാൾ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. ആളുകളെ മാറ്റി തുടങ്ങിയാൽ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരുമെന്ന അഭിഭാഷകരുടെ മറുപടിക്ക് 2003 ന് ശേഷം നിരവധി കോളനികൾ ഈ മേഖലയിൽ ഉണ്ടായിട്ടില്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
അതേസമയം, അരിക്കൊമ്പൻ വിഷയത്തിൽ കോടതിവിധി പരിശോധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി വക്കീൽ പറയുന്നുണ്ടന്നും കോടതിക്ക് പ്രായോഗിക നിർദേശമുണ്ടെങ്കിൽ സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. റേഡിയോ സംവിധാനം ആനയുടെ മേൽ ബന്ധിപ്പിച്ചിട്ടില്ലെന്നും, തെറ്റായ വാർത്തയാണ് പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന് ആനയുടെ ആക്രമണമാണ് വിഷയമെന്നും പരാതി കൊടുത്തവർക്കും സംഘടനകൾക്കും അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച് നിർദേശം പറയാമെന്നും മന്ത്രി പറഞ്ഞു. ആനത്താരിയിൽ ആളുകളെ താമസിപ്പിച്ചതാരാണെന്നത് ചർച്ചയ്ക്കെടുത്താൽ രാഷ്ട്രീയമാകുമെന്നും നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കോടതി വിധിക്ക് ശേഷം ഉന്നതതല യോഗം വിളിക്കുകയും തീരുമാനം എടുക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...