കോട്ടയം: പാക്കനാരുടെ സ്മരണയിൽ പാക്കിൽ സംക്രമവാണിഭത്തിന് തുടക്കമായി. കർക്കിടകം ഒന്നാം തീയതി മുതൽ തുടങ്ങുന്ന നാട്ടു ചന്തയാണ് പാക്കിൽ സംക്രമ വാണിഭം. ഒരു മാസം നീളുന്ന നാട്ടു ചന്തയിൽ പരമ്പരാഗത ഉൽപ്പന്നങ്ങൾ വിൽപനയ്ക്കുണ്ട് എന്നതാണ് പ്രത്യേകത.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള സംക്രമ വാണിഭത്തിന് ദൂരദേശങ്ങളിൽ ഉള്ളവർ പോലും വർഷങ്ങളായി എത്തിച്ചേരാറുണ്ട്. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ തുറന്ന വിപണി തന്നെയായിരുന്നു അടുത്ത കാലം വരെയും പാക്കിൽ സംക്രമം. ഉപ്പു തൊട്ടു കർപ്പൂരം വരെ ചന്തയിൽ ലഭ്യമാണ്.
Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറഞ്ഞേക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട്!
പരമ്പരാഗത ഉൽപ്പന്നങ്ങളും, കാർഷിക ഉപകരണങ്ങളും, കലം മൺചട്ടി എന്നിവയും എന്നു വേണ്ട എല്ലാം, ഒരേ കുടക്കീഴിൽ ലഭിക്കും എന്നതായിരുന്നു സംക്രമ വാണിഭത്തിന്റെ പ്രധാന പ്രത്യേകത. തഴയിൽ നെയ്ത ചിക്ക് പായ, കിടക്കപ്പായ, ഈറ്റയിൽ നിർമ്മിച്ച മുറം,കുട്ട, വട്ടി, ചിരട്ട തവി, തുടങ്ങിയവയെല്ലാം സംക്രമ വാണിഭത്തിലുണ്ട്.
പറയിപെറ്റ പന്തിരു കുലത്തിലെ പാക്കനാർ തുടങ്ങി വെച്ച വാണിഭം അദ്ദേഹത്തിന്റെ പിൻമുറക്കാർ പിന്നീട് നടത്തി വരുകയായിരുന്നു. പാക്കനാരുടെ പിൻമുറക്കാരിലെ കണ്ണിയായ തങ്കമ്മ ഈറ്റ കൊണ്ടുള്ള ഉത്പന്നങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കുന്നതോടെയാണ് വാണിഭം തുടങ്ങുന്നത്.കഴിഞ്ഞ 60 വർഷങ്ങളായി പാക്കനാർ പരമ്പരയിലെ തങ്കമ്മ കുട്ടയും മുറവും പായും ആയി ഇത്തവണയും വാണിഭത്തിലെത്തി.
പരമ്പരാഗത ഉൽപ്പന്നങ്ങൾക്കൊപ്പം നാടൻ കുടംപുളിയും, വീട്ട് ഉപകരണങ്ങളും, തടിയിൽ നിർച്ചിച്ച ഫർണിച്ചറുകളും എല്ലാം ലഭിക്കുന്ന ഇടമായിരുന്നു പാക്കിൽ സംക്രമം. ഇന്നിപ്പോൾ ഫർണിച്ചറുകളും ആയി ആരും എത്താതെയായി. അലങ്കാര ചെടികൾ, ഫല വ്യക്ഷ തൈകൾ എന്നിവയും നാട്ടു ചന്തയിൽ കിട്ടും.
പാക്കിൽ ധർമ്മശാസ്താ ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് ഒരുമാസം നീളുന്ന സംക്രമ വാണിഭം. മുമ്പ് നാട്ടകം ഗ്രാമപഞ്ചായത്ത് കാര്യാലയം മുതൽ പാക്കിൽ വരെ നീളുന്നതായിരുന്നു ഒരുകാലത്ത് സംക്രമ വിപണി. കാലക്രമേണ ക്ഷേത്ര മൈതാനത്തായി സംക്രമം ചുരുങ്ങിയെങ്കിലും. നാടിൻറെ ഉത്സവമായി തന്നെ സംക്രമം നിലകൊള്ളുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...