മാത്യു ടി തോമസ് മന്ത്രി സ്ഥാനം രാജി വെച്ചു

ക്ലിഫ്  ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്.   

Last Updated : Nov 26, 2018, 09:26 AM IST
മാത്യു ടി തോമസ് മന്ത്രി സ്ഥാനം രാജി വെച്ചു

തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു. ക്ലിഫ്  ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. വെള്ളിയാഴ്ച ബംഗളൂരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ നാളെ വൈകിട്ടോടെ ഉണ്ടാകും എന്നാണ് സൂചന.

മാത്യു ടി തോമസിന്‍റെ രാജിക്കത്ത് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടത് നേതാക്കളുമായി കൂടിയാലോചിക്കും. ഉടന്‍ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞയും തീരുമാനിക്കും. നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്.

ദേശീയ നേതൃത്വം തീരുമാനം അടിച്ചേല്‍പിച്ചുവെന്നാണ് മാത്യു ടി തോമസ് വിഭാഗത്തിന്‍റെ പരാതി. മന്ത്രിസ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് മാത്യു ടി തോമസ് വിഭാഗം പറയുന്നത്. കൃഷ്ണന്‍കുട്ടി മന്ത്രിയാകുമ്പോള്‍ സംസ്ഥാന പ്രസിഡന്റ് ആരാകണം എന്നതിനെ കുറിച്ച് പാര്‍ട്ടിയില്‍ വലിയ തര്‍ക്കമുണ്ട്. പക്ഷെ മാത്യു ടി തോമസിനെ പ്രസിഡന്റാക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നുണ്ട്. ദേശീയ നേതൃത്വം തന്നെയാണ് അന്തിമതീരുമാനം എടുക്കേണ്ടത്.

Trending News