മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യൂ കുഴൽനാടൻ. സ്വജനപക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് കുഴൽനാടൻ പറഞ്ഞു. അപ്പലേറ്റ് അതോറിറ്റി കണ്ടെത്തിയത് സഭയിൽ പറയാൻ പാടില്ലേയെന്ന് മാത്യൂ കുഴൽനാടൻ സഭയിൽ ചോദിച്ചു.
എന്നാൽ, എന്തും വിളിച്ചു പറയാനുള്ള വേദിയായി സഭയെ കാണരുതെന്നും ചട്ടവും റൂളും പാലിച്ചു മാത്രമേ സംസാരിക്കാവൂവെന്നും സ്പീക്കർ ഓർമിപ്പിച്ചു. വളരെ അപ്രത്യക്ഷതമായിട്ടായിരുന്നു നിയമസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുഡിഎഫ് ഉന്നയിക്കാത്ത വിഷയമാണ് മൂവാറ്റുപുഴ എംഎൽഎ ഉന്നയിച്ചത്.
മാസപ്പടി വിവാദത്തിൽ നിന്ന് ഭരണപക്ഷത്തിന് ഒളിച്ചോടാനാകില്ലെന്നും ഭയം എന്തിനാണെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. മാത്യുവിന്റെ പരാമർശങ്ങൾ സഭ രേഖകളിൽ നിന്ന് നീക്കിയതായി സ്പീക്കർ പറഞ്ഞു. നീക്കിയ ഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് സ്പീക്കറുടെ മുന്നറിയിപ്പ്.
അതേസമയം, നിർഭാഗ്യകരമായ സംഭവമാണ് സഭയിൽ ഉണ്ടായതെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു. കേരളം കേട്ട വലിയ വാർത്തയിൽ ശ്രദ്ധയെ ക്ഷണിച്ചപ്പോഴാണ് സ്പീക്കർ ഇടപെട്ടത്. ബില്ലിനെ കുറിച്ച് സംസാരിക്കാൻ സ്പീക്കർ പറഞ്ഞു. തന്നെ പ്രസംഗിക്കാൻ അനുവദിക്കാതെ ഭരണപക്ഷം ബഹളം വച്ചെന്നും ആരുടെയും പേര് താൻ പരാമർശിച്ചില്ലെന്ന് കുഴൽനാടൻ വ്യക്തമാക്കി. കേരളത്തിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്നും അവകാശമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. നിയമസഭ പ്രതിപക്ഷം ബഹിഷ്കരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...