പത്തനംതിട്ട: സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് മാർത്തോമ്മ സഭയിൽ ബിഷപ്പിനെതിരെ നടപടി സ്വീകരിച്ച് സഭാധ്യക്ഷൻ. ഡൽഹി ഭദ്രാസനത്തിന്‍റെ ചുമതലയുള്ള ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസിനെയാണ് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത സഭയിലെ പ്രധാനപ്പെട്ട പല ശുശ്രൂഷകളിൽ നിന്നും വിലക്കിയത്. ഡൽഹി ഭദ്രാസനാധിപനെതിരെയുള്ള വിലക്ക് പരസ്യപ്പെടുത്തി വിശ്വാസികൾക്ക് വേണ്ടി മെത്രാപ്പൊലീത്താ പള്ളികളിലേക്ക് പ്രത്യേക കൽപ്പനയും അയച്ചു. 2016 ഏപ്രിൽ ഒന്നു മുതൽ മാർത്തോമ്മ സഭയുടെ ഡൽഹി ഭദ്രാസനത്തിന്‍റെ ചുമതല നിർവഹിച്ചു വരികയായിരുന്നു ഡോ ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്.
മാർ സ്തേഫാനോസിന്‍റെ കാലയളവിൽ ഡൽഹി ദദ്രാസനത്തിലെ നടത്തിപ്പിൽ പല ക്രമക്കേടുകളും നടന്നതായി മെത്രാപ്പൊലീത്ത നിയമിച്ച കമ്മിഷൻ കണ്ടെത്തി. നിർമ്മാണ പ്രവർത്തനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും മാർ സ്തേഫാനോസ് പല തവണ വീഴ്ചകൾ വരുത്തിയെന്ന് സഭാ സിനഡിനും ബോധ്യമായി. വീഴ്ചകൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് പല തവണ നൽകിയിട്ടും നിലപാടിൽ മാറ്റമില്ലാതെ മാർ സ്തേഫാനോസ് മുന്നോട്ട് പോയെന്നും മെത്രാപ്പൊലീത്തയുടെ കൽപ്പനയിൽ വ്യക്തമാക്കുന്നു.
മാർത്തോമ്മ സഭയിൽ ബിഷപ്പുമാർക്ക് തീരുമാനം എടുക്കണമെങ്കിൽ അതിന് ഭദ്രാസന കൗൺസിലിന്‍റെ അനുമതി കൂടി വേണം. വിശ്വാസികളും വൈദികരും ഉൾപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് ഭദ്രാസന കൗൺസിൽ. കൗൺസിലിനോട് കൂടി ആലോചിച്ചു വേണം പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ ഭദ്രാസനത്തിലെ ബിഷപ്പ് സ്വീകരിക്കേണ്ടതെന്നാണ് ചട്ടം. എന്നാൽ ഇവരുടെ എതിർപ്പ് അവഗണിച്ചാണ് മാർ സ്തേഫാനോസ് പല തീരുമാനങ്ങളും സ്വീകരിച്ചത്. ഏകാധിപത്യപരമായ പെരുമാറ്റം ബിഷപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും കൽപ്പനയിൽ പറയുന്നു. ഒരു ചെറിയ വിഭാഗം വൈദികർക്ക് മാർ സ്തേഫാനോസ് പ്രത്യേക പരിഗണന നൽകിയത് വൈദികർക്കിടയിൽ വിഭാഗീയത സൃഷ്ടിച്ചെന്നും കൽപ്പനയിൽ ചൂണ്ടിക്കാണിക്കുന്നു.
മാർ സ്തേഫാനോസിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ 2021 ജനുവരി 27 ന് ശേഷം 15 തവണ സഭയുടെ സിനഡ് ചേർന്ന് പ്രശ്നം ചർച്ച ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം നടപടികൾ നേരിടേണ്ടി വരുമെന്നുമുള്ള സഭാധ്യക്ഷന്‍റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ മാർ സ്തേഫാനോസ് വകവച്ചില്ലെന്നും കൽപ്പന വ്യക്തമാക്കുന്നു. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത സഭാധ്യക്ഷനായിരുന്ന കാലം മുതൽ ഡൽഹി ഭദ്രാസനത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും മാർ സ്തേഫാനോസിനോട് സഭയ്ക്ക് വേണ്ടി വസ്തു വാങ്ങുന്നതിൽ ഉൾപ്പെടെ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചിരുന്നതുമാണ്.
രാജസ്ഥാനിലെ ഭരത്പൂരിൽ സ്കൂൾ വാങ്ങുന്നതിന് സഭയുടെ അനുമതിയില്ലാതെ മാർ സ്തേഫാനോസ് പണം നൽകിയതു മൂലം വലിയ നഷ്ടമാണ് സഭയ്ക്ക് ഉണ്ടായതെന്ന് ജോസഫ് മാർത്തോമ്മ തന്നെ കണ്ടെത്തിയിരുന്നു. അന്ന് തന്നെ ഇതിൽ തിരുത്തൽ വേണമെന്ന് നിർദേശിച്ചിരുന്നതുമാണ്. പിന്നീട് ജോസഫ് മാർത്തോമ്മ കാലം ചെയ്യുകയും പുതിയ സഭാധ്യക്ഷനായി മാർ തിയഡോഷ്യസ് സ്ഥാനം ഏൽക്കുകയും ചെയ്തിരുന്നു.
മാർത്തോമ്മ സഭയിലെ ബിഷപ്പുമാർ മാർത്തോമ്മ സഭാധ്യക്ഷനായ മെത്രാപ്പൊലീത്തയുടെ നിർദേശങ്ങൾ അനുസരിക്കണമെന്നാണ് സഭാ ഭരണഘടന പറയുന്നത്. ഇങ്ങനെ ചെയ്തുകൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ബിഷപ്പുമാർ സ്ഥാനം ഏൽക്കുന്നത് തന്നെ. അത് ലംഘിച്ചാൽ മെത്രാപ്പൊലീത്തയ്ക്ക് നടപടി സ്വീകരിക്കാമെന്നാണ് സഭാ ചട്ടങ്ങൾ പറയുന്നത്. പുതിയ സഭാധ്യക്ഷ വന്നിട്ടും മാർ സ്തേഫാനോസ് സിനഡ് നിർദേശിച്ച മാറ്റങ്ങൾ ഒന്നും നടപ്പിലാക്കിയില്ല. സഭാധ്യക്ഷന്‍റെ നേരിട്ടുള്ള ഇടപെടലുകളും ഫലം കാണാതെ വന്നതോടെയാണ് ബിഷപ്പിനെ വിലക്കാൻ മാർ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത തീരുമാനിച്ചത്.
നടപടികളുടെ ഭാഗമായി മാർ സ്തേഫാനോസിനെ ഡൽഹിയ ഭദ്രാസനത്തിന്‍റെ ചുമതലകളിൽ നിന്ന് പൂർണ്ണമായും മാറ്റി. സഭാധ്യക്ഷൻ നേരിട്ട് ഭരണം നടത്തുന്ന നിരണം-മാരാമൺ ഭദ്രാസനത്തിന്‍റെ സഹായ എപ്പിസ്കോപ്പയായി നിയമിച്ചിരിക്കുകയാണ് നിലവിൽ. കോഴഞ്ചേരിയിലെ ഹെർമ്മിറ്റേജിൽ താമസിച്ചു കൊണ്ട് സഭാധ്യക്ഷന്‍റെ നേരിട്ടുള്ള നിർദേശ പ്രകാരം മാത്രമേ മാർ സ്തേഫാനോസിന് ഇപ്പോൾ പ്രവർത്തിക്കാൻ കഴിയു.
ബിഷപ്പുമാർക്ക് മാത്രം ചെയ്യാൻ അധികാരമുള്ള പ്രധാനപ്പെട്ട സഭയിലെ ചടങ്ങുകളിൽ നിന്ന് മാർ സ്തേഫാനോസിന് വലിക്കും ഏർപ്പെടുത്തി. പുതിയ വൈദികരെ വാഴിക്കുക, പുതിയ പള്ളികളുടെ മദ്ബഹ കൂദാശ ചെയ്യുക തുടങ്ങിയ ചടങ്ങുകൾക്ക് മാർ സ്തേഫാനോസിന് വലിക്ക് ഉണ്ടെന്ന് സഭാധ്യക്ഷന്‍റെ കൽപ്പനയിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. സിനഡ് പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും സഭാധ്യക്ഷനോട് വിധേയത്വം കാണിക്കുകയും ചെയ്യുന്നതു വരെ ഇതു തുടരുമെന്നും കൽപ്പന വ്യക്തമാക്കുന്നു.
തനിക്കെതിരായ ശിക്ഷണ നടപടികളിൽ മാർ സ്തേഫാനോസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇനി പ്രകോപനപരമായ കാര്യങ്ങൾ ഉണ്ടായാൽ ഒരു പക്ഷേ സ്ഥാനത്തു നിന്ന് തന്നെ നീക്കം ചെയ്യുമെന്നുള്ള ഭയവും അദ്ദേഹത്തിനുണ്ട്. ഒരു ബിഷപ്പിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും അദ്ദേഹത്തെ പ്രധാനപ്പെട്ട കൂദാശകളിൽ നിന്ന് വിലക്കുന്നതും അത്ര സാധാരണമല്ല.
ഫലിത സംഭാഷണങ്ങളിലൂടെ മലയാളി മനസ്സിൽ ഇടംപിടിച്ച ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പൊലീത്ത, മാർ തിയഡോഷ്യസിന് മുൻപ് സഭാധ്യക്ഷനായിരുന്ന ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത എന്നിവരുടെ കാല ശേഷം ബിഷപ്പുമാരുടെ എണ്ണത്തിൽ മാർത്തോമ്മ സഭയിൽ കുറവ് വന്നിട്ടുണ്ട്. സഭാധ്യക്ഷൻ ഉൾപ്പെടെ നിലവിൽ ഒൻപത് പേർ മാത്രമാണ് ബിഷപ്പുമാരായുള്ളത്. ഭദ്രാസനങ്ങളുടെ പ്രവർത്തനങ്ങളെ ഉൾപ്പെടെ ഇതു ബാധിക്കുന്നുണ്ട്. പുതിയ ബിഷപ്പുമാരെ കണ്ടെത്തുന്നതിനുള്ള നടപടി ക്രമങ്ങളും ഇഴഞ്ഞാണ് നീങ്ങുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.