Trivandrum: ശക്തമായ മഴയുടെ ഭാഗമായി സംസ്ഥാനത്ത് പല റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എല്ലാ റോഡുകളും ഗുണ നിലവാരം ഉറപ്പാക്കി മാത്രം അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
അറ്റകുറ്റപ്പണികൾ കാലതാമസം ഇല്ലാതെ പരിഹരിക്കാനും റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തൽ, റണ്ണിംഗ് കോൺട്രാക്ട് നടപ്പിലാക്കൽ, വർക്കിംഗ് കലണ്ടർ പ്രസിദ്ധീകരിക്കൽ, നിർമ്മാണ പ്രവൃത്തിയിൽ നൂതന സാങ്കേതിക വിദ്യകൾ എന്നിങ്ങനെ സുപ്രധാന ചുവടുവെയ്പുകളാണ് വകുപ്പിൽ നടപ്പിലാക്കിയിട്ടുള്ളത്.
ഭാവിയിൽ ഇതിൻ്റെ ഗുണഫലം ഉണ്ടാകും എന്ന കാര്യം തീർച്ചയാണ്. എന്നാൽ നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി മഴ മാറാതെ നടത്താൻ സാധിക്കില്ല. മഴയത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിയാൽ അത് നിലനിൽക്കില്ല. മഴ മാറിയാൽ പ്രവൃത്തി ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് വകുപ്പ് നടത്തി വരുന്നത്.
സാധാരണ നവംബറിൽ പൊതുമരാമത്ത് നിർമ്മാണ പ്രവൃത്തികൾ തുടങ്ങാൻ സാധിക്കാറുണ്ട്. എന്നാൽ നവംബർ അവസാനമായിട്ടും മഴ നിൽക്കുന്നില്ല. മെയ് 20 ന് ഈ സർക്കാർ അധികാരമേറ്റത് മുതൽ ഇതുവരെ മഴ നിന്നിട്ടില്ല. ഇത് കാരണം ചില റോഡുകളിൽ വലിയതോതിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ മഴ മാറിയാലുടൻ പ്രവൃത്തി ആരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു.
അറ്റകുറ്റപ്പണികളുടെ മേൽനോട്ടവും ഗുണമേൻമയും ഉറപ്പു വരുത്തുന്നതിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗവും,നിരത്ത് പരിപാലന വിഭാഗവും പ്രത്യേക പരിശോധനകൾ നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...