പാലക്കാട്: മധു കേസിൽ ഏപ്രിൽ 4ന് വിധി പറയാനിരിക്കെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമ്മ മല്ലി. പ്രതികളെ അനുകൂലിക്കുന്നവരിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ അക്രമം നേരിടേണ്ടി വരുമെന്ന് ഭയക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പാലക്കാട് എസ്പിയ്ക്ക് അമ്മ പരാതി നൽകി. സമര സമിതി നേതാവായ മാർസനും പോലീസ് സംരക്ഷണം നൽകണമെന്ന് പരാതിയിൽ ആവശ്യമുണ്ട്.
മാർച്ച് 30ന് കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ എത്താൻ വാഹനം ലഭിക്കാത്ത സാഹചര്യം പോലുമുണ്ടായെന്ന് മല്ലി എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. കേസിലെ അന്തിമവാദം പൂർത്തിയായിരുന്നു. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. കേരളത്തെ ഒന്നാകെ പിടിച്ചു കുലുക്കിയ കേസിൽ അസാധാരണമായ കാര്യങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്.
ALSO READ: തൃശൂരിൽ ഗൃഹനാഥൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; 4 പേർ ചികിത്സയിൽ
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവായ മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്. മോഷണ കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആകെ 16 പ്രതികളാണ് കേസിൽ ഉള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രമാണ് സമർപ്പിച്ചത്. വിചാരണയുടെ തുടക്കത്തിൽ 122 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. പിന്നീട് അഞ്ച് പേരെ കൂടി ചേർത്തപ്പോൾ സാക്ഷികളുടെ എണ്ണം 127 ആയി.
വിസ്തരിച്ച 100 സാക്ഷികളിൽ 76 പേർ പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്. 24 പേർ കൂറുമാറി. രണ്ട് പേർ മരിക്കുകയും ചെയ്തു. കൂറുമാറിയ വനം വകുപ്പിലെ താൽകാലിക ജീവനക്കാരായ നാല് പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെ, കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവ്വമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി സാക്ഷിയായി.
ഏറെ മാധ്യമ ശ്രദ്ധ നേടിയ ഈ കേസിന്റെ വിധി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരളക്കര. മധുവിന് നീതി തടിയുള്ള അമ്മയുടേയും സഹോദരിയുടേയും അഞ്ചുവർഷത്തെ പോരാട്ടത്തിന്റെ ഫലം എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...