കോഴിക്കോട്: കോടഞ്ചേരിയിൽ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ഡിവൈഎഫ് നേതാവ് വിവാഹം കഴിച്ചതിൽ വിവാദം തുടരവേ, ദമ്പതികൾക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ. ലൗ ജിഹാദ് ഒരു നിർമ്മിത കള്ളമാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. സെക്കുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
വിഷയത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും രംഗത്തെത്തി. ജോർജിന് സംഭവിച്ചത് നാക്ക് പിഴയാണ്. ഇക്കാര്യം ജോർജിനും ബോധ്യപ്പെട്ടിട്ടുണ്ട്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു.
ഷെജിനും ജോയ്സ്നയ്ക്കും ആവശ്യമെങ്കിൽ പാർട്ടി സംരക്ഷണം നൽകും. ഷെജിനെതിരെ നടപടി പരിഗണനയിൽ ഇല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലൗ ജിഹാദെന്നും പി മോഹനൻ പറഞ്ഞു.
ലൗ ജിഹാദ് വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ജോർജ് എം തോമസ് വ്യക്തമാക്കി. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ലവ് ജിഹാദ് നിർമ്മിത കള്ളമാണ് എന്ന പാർട്ടി നിലപാടിന് വിപരീതമായി പറയാൻ പാടില്ലായിരുന്നു. ജില്ലാ സെക്രട്ടറിയെ അപ്പോൾ തന്നെ അറിയിച്ചു. ലവ് ജിഹാദ് എന്നത് ആർഎസ്‌എസ് പ്രചരണമാണ്. യുഡിഎഫ് അവസരം മുതലെടുക്കുന്നത് കണ്ടാണ് അത്തരത്തിൽ പറയേണ്ടിവന്നതെന്നും ജോർജ് എം തോമസ് വ്യക്തമാക്കി.
അതേസമയം, ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കാൻ ഇന്ന് വിശദീകരണ യോഗം ചേരും. വൈകിട്ട് അഞ്ചിന് കോടഞ്ചേരിയിലാണ് യോഗം ചേരുന്നത്. സമസ്ത മേഖലയിലും തീവ്രവാദം പിടിമുറുക്കുന്ന കാലത്ത് ഷെജിനും ജോയ്സ്നയും മാതൃകയാണെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. എന്നാൽ, വിവാഹം ലൗ ജിഹാദിന്റെ ഭാഗമാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...