Modi Cabinet 2024: സുരേഷ് ഗോപി മന്ത്രിയായാല്‍ മുരളീധരന്‍ പുറത്തോ? രാജീവ് ചന്ദ്രശേഖറിന് രണ്ടാമൂഴം? ഉടന്‍ അറിയാം...

Modi Cabinet 2024: സുരേഷ് ഗോപിയോട് ഉടൻ ദില്ലിയിലെത്താൻ നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്ക് മുമ്പായി എത്താനാണ് നിർദ്ദേശം.

Written by - Zee Malayalam News Desk | Last Updated : Jun 6, 2024, 11:14 AM IST
  • കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി ലോക്സഭ എംപി എന്ന പ്രത്യേകതയാണ് സുരേഷ് ഗോപിയ്ക്കുള്ളത്
  • ക്യാബിനറ്റ് റാങ്കുള്ള മന്ത്രി ആകാനുള്ള സാധ്യത ഏറെയാണ് എന്നാണ് വിലയിരുത്തൽ
  • സത്യപ്രതിജ്ഞയ്ക്കും മന്ത്രിസഭ രൂപീകരണത്തിനും മുന്നോടിയായി ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്
Modi Cabinet 2024: സുരേഷ് ഗോപി മന്ത്രിയായാല്‍ മുരളീധരന്‍ പുറത്തോ? രാജീവ് ചന്ദ്രശേഖറിന് രണ്ടാമൂഴം? ഉടന്‍ അറിയാം...

തിരുവനന്തപുരം/ഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും കഴിഞ്ഞില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടുപോകും എന്ന് ഉറപ്പായിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് ആദ്യമായി ഒരു ലോക്‌സഭ എംപി എന്ന റെക്കോര്‍ഡ് നേട്ടവുമായിട്ടാണ് ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറുക. ഇത്രനാളും നേരിട്ട അവഗണന ഇതോടെ അവസാനിക്കുമോ എന്നാണ് ചോദ്യം.

കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് ഇതുവരെ ലഭിച്ചത് രണ്ട് കേന്ദ്ര മന്ത്രിമാരെ മാത്രമായിരുന്നു- ഒ രാജഗോപാലും വി മുരളീധരനും. രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗം ആയിട്ടാണ് കേന്ദ്രമന്ത്രി ആയത്. കോണ്‍ഗ്രസ് / യുപിഎ സര്‍ക്കാരുകള്‍ക്ക് ശേഷം കേരളത്തില്‍ നിന്ന് ഒരു ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രമന്ത്രി എന്നത് ഇത്തവണ സംഭവിക്കുമോ എന്നാണ് അറിയേണ്ടത്.

തൃശൂരില്‍ നിന്ന് വിജയിച്ചുകയറിയ സുരേഷ് ഗോപിയെ കാത്തിരിക്കുന്നത് കേന്ദ്ര ക്യാബിനറ്റ് മന്ത്രി പദവി ആണോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നേരിട്ടെത്തുകയും ചെയ്തിരുന്നു. മാത്രമല്ല, സുരേഷ് ഗോപിയുടെ പ്രചാരണത്തിനും പ്രധാനമന്ത്രി എത്തി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം, സുരേഷ് ഗോപിയോട് അടിയന്തരമായി ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നതാണ്.

കേരളത്തില്‍ അക്കൗണ്ട് തുറന്നില്ല എന്നതായിരുന്ന കേന്ദ്രമന്ത്രി സഭയില്‍ വേണ്ട വിധത്തില്‍ പരിഗണന കിട്ടാതിരിക്കാനുള്ള കാരണമായി പലരും പറഞ്ഞിരുന്നത്. എന്നാല്‍ ഇനി അത്തരമൊരു ന്യായം കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പോലും പറയാന്‍ ആകില്ല. എന്തായാലും ഇക്കാര്യത്തില്‍ ഒരു തീരുമാനം അറിയാന്‍ അധികനാള്‍ ഇനി കാത്തിരിക്കേണ്ടി വരില്ല.

രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആയിരുന്നു വി മുരളീധരന്‍. ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കടുത്ത മത്സരം കാഴ്ചവയ്ക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ പുതിയ മന്ത്രിസഭയില്‍ അദ്ദേഹത്തിന് ഇടമുണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ സൂചനകളൊന്നും ഇല്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയും ചെയ്യും. മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ വീണ്ടും രാജ്യസഭയില്‍ എത്തിക്കുമോ എന്നതിലും ഉറപ്പില്ല. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മുരളീധരന്‍.

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിന് വലിയ വെല്ലുവിളി ഉയര്‍ത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയം സമ്മതിച്ചത്. ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. രാജീവ് ചന്ദ്രശേഖറിന്റെ രാജ്യസഭാ എംപി കാലാവധിയും ഈ വര്‍ഷം അവസാനിക്കും. എന്നാല്‍ കേരളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ചലനം സൃഷ്ടിക്കാന്‍ സാധിച്ച നേതാവെന്ന പ്രത്യേക പരിഗണന രാജീവ് ചന്ദ്രശേഖറിന് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

ജൂൺ 8 ന് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കേന്ദ്ര മന്ത്രിസഭയിലെ സ്ഥാനങ്ങൾ സംബന്ധിച്ച ച‍ർച്ചകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം തന്നെ, എൻഡിഎയിലെ ഘടകകക്ഷികളുമായുള്ള ചർച്ചകളും പുരോ​ഗമിക്കുകയാണ്. നീതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കുമാരസ്വാമിയും എല്ലാം ഇത്തവണ അവസരം മുതലെടുക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്. ലോക്സഭ സ്പീക്കർ സ്ഥാനം,  നിർണായക ക്യാബിനറ്റ് മന്ത്രി പദവികൾ തുടങ്ങിയവയ്ക്കായി ഇവരിൽ പലരും കടുത്ത സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. 

ഇതിനൊപ്പം തന്നെ ഇന്ത്യ മുന്നണിയും അണിയറയിൽ ചരടുവലികൾ നടത്തുന്നുണ്ട്. നിതീഷിനേയും ചന്ദ്രബാബു നായിഡുവിനേയും മുന്നണിയിൽ എത്തിച്ചാൽ ഒരുപക്ഷേ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് അവ‍ർ. അതോടൊപ്പം തന്നെ ശിവസേനയിലെ ഒരു വിഭാ​ഗം എൻഡിഎ വിട്ട് ഇന്ത്യ മുന്നണിയിലേക്ക് എത്തിയേക്കും എന്ന രീതിയിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. എൻഡിഎ മുന്നണിയ്ക്ക് നിലവിൽ സർക്കാർ രപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്- 292 സീറ്റുകൾ. ഇന്ത്യ മുന്നണിയ്ക്കുള്ളത് 233 സീറ്റുകളാണ്. ഇരുമുന്നണിയിലും ഇല്ലാത്തവരായി 18 പേർ വേറെയുണ്ട്. ഇവരെ കൂടെ കൂട്ടിയാലും ഇന്ത്യ മുന്നണിയ്ക്ക് കേലവല ഭൂരിപക്ഷത്തിലേക്ക് എത്താനാവില്ല. അതുകൊണ്ടാണ് ടിഡിപി, ജെഡിയു എന്നിവരുടെ നിലപാടുകളും നീക്കങ്ങളും നി‍ർണായകമാകുന്നത്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News