തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ മുന്നേറ്റവുമായി യുഡിഎഫ്. 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. 15 സീറ്റുകൾ എൽഡിഎഫും 2 സീറ്റുകൾ ബിജെപിയും നേടി. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടം കൈവരിച്ചപ്പോൾ എൽഡിഎഫിന് നഷ്ടമായത് 7 സീറ്റുകളാണ്. എൽഡിഎഫിൽ നിന്നും യുഡിഎഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തു. ബിജെപി ഒരു സീറ്റും നേടി. മറ്റൊരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥിയും നേടി. തിരുവല്ല കല്ലൂപ്പാറയിലെ ഏഴാം വാർഡിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്. കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ 12 ആം വാർഡ്, കൊല്ലം കോർപറേഷനിലെ മീനത്തുചേരി വാർഡ്, തൃത്താല പഞ്ചായത്തിലെ നാലാം വാർഡ്, കോഴിക്കോട് ചെറുവണ്ണൂരിലെ 15 വാർഡ്, സുൽത്താൻ ബത്തേരി നഗരസഭയിലെ പാളാക്കര വാർഡ്, തിരുനാവായ പഞ്ചായത്തിലെ അഴകത്തുകളം വാർഡ് എന്നീ വാർഡുകളാണ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്നും യുഡിഎഫ് തിരിച്ചു പിടിച്ചത്.
അതേസമയം തിരുവനന്തപുരം കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. ബീനാ രാജീവ് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചു. 132 വോട്ടിനാണ് ബീനാ രാജിവിന്റെ വിജയം. നേരത്തെ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ബീനാ രാജീവ് പാർട്ടിക്കുള്ളിലെ സ്വരച്ചേർച്ചകളെ തുടർന്ന് രാജിവച്ചതോടെയാണ് നിലയ്ക്കാമുക്ക് വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോൺഗ്രസിൽ നിന്ന് രാജിവച്ച ബീന രാജീവ് തുടർന്ന് സിപിഎമ്മിൽ ചേരുകയും വീണ്ടും മത്സരരംഗത്ത് എത്തുകയുമായിരുന്നു.
Also Read: Accident : റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി അപകടം; യുവാവിന് പരിക്കേറ്റു
ആലപ്പുഴ തണ്ണീർമുക്കത്ത് ബിജെപി സീറ്റ് നില നിർത്തി. മലപ്പുറം ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യുഡിഎഫ് ജയിച്ചു. മൂന്ന് വാർഡുകൾ നിലനിർത്തിയപ്പോൾ ഒരു വാർഡ് തിരിച്ചു പിടിച്ചു. എ.ആർ നഗർ, തിരുനാവായ, കരുളായി പഞ്ചായത്തുകളിൽ യുഡിഎഫ് സീറ്റും ഭരണവും നിലനിർത്തി. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് എ.ആർ നഗറിലെ കുന്നുംപുറം വാർഡിൽ യുഡിഎഫിന്റെ വിജയം. ജയത്തോടെ പഞ്ചായത്ത് ഭരണവും യുഡിഎഫ് നിലനിർത്തി.
കണ്ണൂരിൽ മൂന്ന് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആ മൂന്ന് സീറ്റും എൽഡിഎഫ് നിലനിർത്തി. പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി.
കോട്ടയത്ത് നാല് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ രണ്ടിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നത്തും, വെളിയന്നുർ പഞ്ചായത്തിലെ പൂവക്കുളത്തും Ldf സ്ഥാനാർത്ഥികൾ വിജയിച്ചു. കടപ്ളാമറ്റം പഞ്ചായത്തിലെ വയലയിലും, എരുലി പഞ്ചായത്തിലെ ഒഴക്കനാടും udf വിജയിച്ചു. യുഡിഎഫ് വിജയിച്ചതോടെ എരുമേലി പഞ്ചായത്തിൽ ഭരണമാറ്റത്തിന് സാധ്യതയേറി. 23 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫിന്റെ അംഗബലം 12 ആയി. വെളിയന്നൂർ പഞ്ചായത്തിലെ പൂവക്കുളം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. Ldfന്റെ സിറ്റിംഗ് സീറ്റാണിത്. ജോസ് മാണി വിഭാഗം സ്ഥാനാർത്ഥി അനു പ്രിയയാണ് ഇവിടെ വിജയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...