കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. ലിജിന്‍ ലാലാണ് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിന്‍ ലാല്‍. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയായ ലിജിൻ ലാൽ 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായും അദ്ദേഹം മത്സരിച്ചിരുന്നു. ഇതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എൽഡിഎഫിന് വേണ്ടി ജെയ്ക് സി തോമസും എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സരിക്കുക.
ALSO READ: എഐ ക്യാമറകൾ കേരളത്തിൽ വരുത്തിയ മാറ്റങ്ങൾ; വിശദീകരിച്ച് പോലീസ് സർജൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അടുത്ത മാസം 5 നാണ് വോട്ടെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 17 ആണ്. 18ന് സൂക്ഷമ പരിശോധന നടക്കും. സെപ്റ്റംബർ 5-ാം തീയതിയാണ് വോട്ടെടുപ്പ്. 8ന് വോട്ടണ്ണൽ നടക്കും.
അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും എൻഎസ്എസിന്റെ സമദൂര നിലപാട് തുടരുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. മിത്ത് വിവാദം ഇനി ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികൾ എല്ലാവരും എല്ലാക്കാലത്തും എൻഎസ്എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും ജെയ്ക്കിന്റെ സന്ദർശനത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥികൾ കാണാൻ വരുന്നത് സാധാരണ സംഭവമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ആദ്യം ചാണ്ടി ഉമ്മൻ കാണാൻ വന്നു. പിന്നീട് ജെയ്ക്. മിത്ത് വിവാദം ചർച്ച ചെയ്യേണ്ടതാണ്. എന്നാൽ ഈ തിരഞ്ഞെടുപ്പിലൂടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിലൂടെയല്ല ജനങ്ങളിലൂടെ സർക്കാരിനെതിരായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാന സർക്കാരായാലും കേന്ദ്ര സർക്കാരായാലും തെറ്റു ചെയ്താൽ അത് തെറ്റെന്ന് തുറന്നു പറയുമെന്നും മിത്ത് വിവാദത്തിൽ സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന കാര്യത്തിൽ മാറ്റമൊന്നുമില്ലന്നും കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...