തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മോയിൻ അലി തങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് (Muslim league) നടപടിയെടുത്താല്‍ പികെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്ന് കെടി ജലീൽ. ഇഡി വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തു വിടേണ്ടി വരുമെന്നും ഇതോടെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെടി ജലീല്‍ (KT Jaleel) മുന്നറിയിപ്പ് നല്‍കി.
സത്യം വിളിച്ച് പറഞ്ഞ പാണക്കാട് സയ്യിദ് മോയിൻ അലി ശിഹാബ് തങ്ങള്‍ക്കെതിരെ ലീഗിന്റെ നേതൃ യോഗത്തില്‍ നടപടി എടുപ്പിക്കാമെന്നാണ് ഭാവമെങ്കില്‍ അതിനദ്ദേഹം വലിയ വില നല്‍കേണ്ടി വരും. അദ്ദേഹം തന്നെ ഇഡിയുമായി (Enforcement directorate) ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പല അംഗങ്ങളോടും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ശബ്ദരേഖകള്‍ അറ്റകൈയ്ക്ക് പുറത്തു വിടേണ്ടി വരുമെന്ന് കെടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മോയിൻ അലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരാനിരിക്കെയാണ് കെടി ജലീലിന്റെ മുന്നറിയിപ്പ്. മോയിൻ അലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം കുഞ്ഞാലിക്കുട്ടി പക്ഷം ആവശ്യപ്പെടുന്നുണ്ട്.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ച കേസിൽ (Black money laundering case) ഹൈദരാലി ശിഹാബ് തങ്ങൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കെടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മോയിൻ അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചത്. 40 വര്‍ഷമായി പാര്‍ട്ടിയുടെ മുഴുവന്‍ ഫണ്ടും കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും ചന്ദ്രികയില്‍ നടക്കുന്നത് വലിയ ക്രമക്കേടാണെന്നും മോയിൻ അലി തുറന്നടിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്‌നങ്ങളാണെന്നും മോയിൻ അലി പറഞ്ഞിരുന്നു
ഇതിനെതിരെ വാർത്താ സമ്മേളനത്തിൽതന്നെ മുസ്ലിം ലീഗ് നേതാവ് റാഫി പുതിയകടവ് മോയിൻ അലിയേയും പാണക്കാട് കുടുംബത്തേയും അസഭ്യം പറഞ്ഞിരുന്നു. റാഫിക്കെതിരെ ഒരു നടപടിയുമില്ലാതെ മോയിൻ അലിക്കെതിരെ നടപടിയെടുപ്പിക്കാനാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...