'പ്രാപ്തിയില്ലെങ്കിൽ മാനേജ്മെൻ്റിനെ പിരിച്ചുവിടണം'; കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ വിമർശനവുമായി സിഐടിയു

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഈ മാസം 28ന് സൂചനാ പണിമുടക്കിന് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സർവീസ് നിർത്തിവച്ച് പ്രതിഷേധിക്കാനാണ് ട്രേഡ് യൂണിയൻ സംഘടനകളുടെ തീരുമാനം.

Written by - Abhijith Jayan | Last Updated : Apr 14, 2022, 03:49 PM IST
  • കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയിൽ വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ് ഇടത് സംഘടനകൾ
  • സിഐടിയുവിനും എഐടിയുസിക്കും പിന്നാലെ സമരത്തിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
  • എല്ലാ മാസവും അഞ്ചിനകം ശമ്പള വിതരണം നടത്തണമെന്ന് യൂണിയനുകൾ മാനേജ്മെൻ്റിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു
  • വിഷുവിന് മുൻപ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് യൂണിയനുകൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു
'പ്രാപ്തിയില്ലെങ്കിൽ മാനേജ്മെൻ്റിനെ പിരിച്ചുവിടണം'; കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ വിമർശനവുമായി സിഐടിയു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മാനേജ്മെൻ്റിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു. പ്രാപ്തിയില്ലെങ്കിൽ മാനേജ്മെൻ്റിനെ പിരിച്ചുവിടണമെന്നും കിട്ടുന്ന പണം കെഎസ്ആർടിസി ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും സിഐടിയു വിമർശനം ഉന്നയിച്ചു. കഴിഞ്ഞമാസം വരുമാനമായി കിട്ടിയ 165 കോടി രൂപ വകമാറ്റി ചിലവഴിച്ചുവെന്നും ആരോപണമുണ്ട്. അതേസമയം, ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഈ മാസം 28ന് സൂചനാ പണിമുടക്കിന് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സർവീസ് നിർത്തിവച്ച് പ്രതിഷേധിക്കാനാണ് ട്രേഡ് യൂണിയൻ സംഘടനകളുടെ തീരുമാനം.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയിൽ വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ് ഇടത് യൂണിയൻ സംഘടനകൾ. സിഐടിയുവിനും എഐടിയുസിക്കും പിന്നാലെ സമരത്തിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചിനകം ശമ്പള വിതരണം നടത്തണമെന്ന് യൂണിയനുകൾ മാനേജ്മെൻ്റിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. വിഷുവിന് മുൻപ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് യൂണിയനുകൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ALSO READ: ബാങ്ക് അവധി: വിഷുക്കാലത്ത് ശമ്പളമില്ലാതെ കെഎസ്ആർടിസി ജീവനക്കാർ; 28 ന് സൂചനപണിമുടക്ക്

ഇതിനിടെയാണ്, ഇടത് യൂണിയൻ സംഘടനയായ സിഐടിയു മാനേജമെൻ്റിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. സിഎംഡിക്കെതിരെയും യൂണിയൻ വിമർശനം ഉന്നയിച്ചു. മൂന്നക്ഷരം വച്ചിരുന്നാൽ പോരെന്നും കാര്യങ്ങൾ നേരെ നോക്കി നടത്താൻ തയ്യാറാകണമെന്നുമാണ് സിഎംഡിക്ക് നേരെയുള്ള ആക്ഷേപം. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. കൃത്യമായി ശമ്പളം ഉറപ്പാക്കുന്നത് വരെ പോരാടും. 28ന് സൂചനാ പണിമുടക്ക് നടത്തും. മെയ് 19 മുതൽ ചീഫ് ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തുമെന്നും സിഐടിയു സംഘടനാ നേതാക്കൾ വ്യക്തമാക്കി.

അതേസമയം, 87 കോടിയോളം രൂപ അനുവദിക്കേണ്ട കെഎസ്ആർടിസിയിലാണ് ധനവകുപ്പ് കഴിഞ്ഞ ദിവസം 30 കോടി അനുവദിച്ചത്. ബാക്കിയുള്ള 50 കോടി എപ്പോൾ കിട്ടുമെന്ന ചോദ്യവും ഉയരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കോർപ്പറേഷന് ഇന്ധനവില വർധന വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അതിനൊപ്പമാണ് കൃത്യ സമയത്ത് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യവും ഉണ്ടായിരിക്കുന്നത്. വിഷുദിനം പ്രമാണിച്ച് ഇന്നും നാളെയും ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി ഇനിയും കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News