തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് ആവശ്യമായ വൈദ്യുതി കെഎസ്ഇബി നൽകാൻ ധാരണ. പരമ്പരാഗത റെയിൽവേ സംവിധാനത്തിനെ അപേക്ഷിച്ച് സിൽവർ ലൈൻ പൂർണ്ണമായും ഹരിത വൈദ്യുതിയിൽ ആയിരിക്കും പ്രവർത്തിപ്പിക്കുക. കെ-റെയിൽ സ്റ്റേഷനുകളിലും ട്രാക്കിൽ സൌകര്യമുള്ളയിടത്തും സൌരോർജ്ജ പാനലുകളും കാറ്റാടി യന്ത്രങ്ങളും ഉണ്ടാകും.
റെയിൽ ലൈനിൽ 40 കിലോമീറ്റർ വ്യത്യാസത്തിൽ ഫീഡറുകൾ ക്രമീകരിച്ച് സഞ്ചരിക്കുന്ന ട്രെയിനിന് വൈദ്യുതി നൽകും. 220 കെ.വി. / 110 കെ.വി. കേബിൾ സർക്യൂട്ട് മുഖേനയാണ് കെ-റെയിലിന്റെ ട്രാക്ഷൻ സബ്സ്റ്റേഷന് കെഎസ്ഇബിയുടെ ഗ്രിഡ് സബ്സ്റ്റേഷൻ മുഖേന വൈദ്യുതി നൽകുക. 2025ൽ പദ്ധതി പ്രവർത്തിച്ച് തുടങ്ങുമ്പോൾ 300 മില്ല്യൺ യൂണിറ്റ് ഊർജ്ജം കെ-റെയിലിന് മാത്രമായി വേണ്ടിവരും. ഇത് 25 വർഷം കൊണ്ട് 500 മില്ല്യൺ യൂണിറ്റായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.
കെഎസ്ഇബിയുടെ നിലവിലുള്ള ഹരിത വൈദ്യുതി ഉത്പാദന പദ്ധതിയുടെ വിശദാംശം സാദ്ധ്യതാ പഠനത്തിൽ പങ്കെടുക്കുന്നതിനായ രീതിയിൽ കെ-റെയിലിന് ലഭ്യമാകും. കെ-റെയിൽ പദ്ധതിക്ക് വൈദ്യുതി ക്രമീകരണം ഒരുക്കുന്നതിന് നോഡൽ ഓഫീസർമാരായി വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ സണ്ണി ജോണിനേയും, ആർഇഇഎസ് ചീഫ് എഞ്ചിനീയർ ജി. സുധീറിനേയും നിയമിച്ചു.
കെ-റെയിൽ ഇലക്ട്രിക്കൽ മാനേജ്മെന്റുമായി ചേർന്ന് അടുത്ത മൂന്ന് മാസത്തിനുള്ളിൽ കെ-റെയിലിന്റെ വൈദ്യുതി ആവശ്യത്തിനുള്ള വിശദ ഡി.പി.ആർ തയ്യാറാക്കുന്നതും, ട്രാൻസ്പോർട്ടേഷൻ രംഗത്ത് നിലവിലുള്ള വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം എങ്കിലും സംസ്ഥാനത്ത് പുതുതായി സൃഷ്ടിക്കപ്പെടുന്നതും പരിഗണിച്ച് സംസ്ഥാനത്ത് ഇടുക്കിയിലും മൂഴിയാറിലും പീക്കിംഗ് പവർ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതും കെഎസ്ഇബി പരിഗണിക്കുന്നുണ്ട്. കെ-റെയിൽ പദ്ധതിയുടെ വൈദ്യുതി ക്രമീകരണം ലോക നിലവാരത്തിൽ ഒരുക്കുന്നതിന് വേണ്ടി സംവിധാനമൊരുക്കാൻ കെഎസ്ഇബി സിഎംഡി പ്രോജക്ട് മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...