കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഞ്ച് വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്നാണ് പരാതി. പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് കോര്‍ഡിനേറ്ററായ അന്വേഷണ സംഘത്തില്‍ ജോയിന്റ് ഡയറക്ടര്‍ നഴ്‌സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണുള്ളത്.
വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി പരാതിയിന്‍മേല്‍ അടിയന്തരമായി അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
സംഭവത്തിൽ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അനാസ്ഥയാണെന്നും അഞ്ചുവർഷം കഴിഞ്ഞിട്ടും കത്രിക വയറ്റിൽ ഉണ്ടെന്ന് കണ്ടെത്താൻ കഴിയാത്തത് ആരോഗ്യ സംവിധാനത്തിന്റെ പിഴവാണെന്നും പി.സതീദേവി ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്ധ പരിശോധനയിലൂടെ വയറിൽ കുടുങ്ങിയ കത്രിക കണ്ടെത്താൻ കഴിയുമായിരുന്നു. പലപ്പോഴും മതിയായ പരിശോധന നടത്തിയിരുന്നില്ല. നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അനാസ്ഥ കാട്ടിയ ഡോക്ടർമാരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കണമെന്നും പി സതീദേവി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...