കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാറീ ആക്രമിച്ച സംഭവത്തിൽ അന്വേഷത്തോട് പ്രതികൾ സഹകരിക്കാത്തതിനെ തുടർന്ന് തെളിവെടുപ്പ് മുടങ്ങി. ചോദ്യം ചെയ്യലിലും പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഏഴ് മണിക്കൂറുകളോളം പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ആക്രമത്തിനിടയിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചപ്പോൾ ചവിട്ടാൻ ഉപയോഗിച്ച ചെരുപ്പുകൾ കണ്ടെത്താനും പൊലീസ് ഉദ്യോഗസ്ഥർക്ക് ഇനിയും സാധിച്ചിട്ടില്ല. പ്രതികൾ സഹകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കേസിലെ പ്രതികളെ കസ്റ്റഡി സമയം തീരുന്നതിന് മുമ്പ് തന്നെ പൊലീസ് കോടതിയിൽ ഹാജരാക്കി. ആകെ പതിനൊന്ന് പ്രതികളാണ് കേസിൽ ഉള്ളത്. എന്നാൽ 5 പേരെ മാത്രമാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്. കൂടാതെ പ്രതികളിൽ 7 പേരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.
അതേസമയം സംഭവത്തിൽ പോലീസിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തി. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നാണ് പി മോഹനൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചിരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണറെയും സിപിഎം രൂക്ഷമായി വിമർശിച്ചു. സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ച് കാണിക്കാന്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുകയാണ്. മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അസാധാരണ നടപടികളാണ്. കേസില്‍ പ്രതികളായ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ വേട്ടയാടുകയാണ്. സ്ത്രീകളെയും കുട്ടികളെയും പൊലീസ് വേട്ടയാടുന്നുവെന്നും പി മോഹനൻ ആരോപിച്ചു. തീവ്രവാദ കേസുകളിലെ പോലെയാണ് ഈ കേസിൽ പോലീസ് പെരുമാറുന്നതെന്ന് പി മോഹനന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പി മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സി.പി.ഐ.എമ്മിനെ പൊതുസമൂഹത്തില്‍ കരിതേച്ചു കാണിക്കാനുള്ള ശ്രമത്തെ ചെറുക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഉണ്ടായ ഒരു നിര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊതു പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും, പോലീസ് വേട്ടയാടുന്നത് തുടരുകയാണ്. കോഴിക്കോട് നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥന്മാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മെഡിക്കല്‍ കോളേജ് സംഭവത്തില്‍, പോലീസ് അന്വേഷണത്തിലും നടപടിക്രമങ്ങളിലും സി.പി.ഐഎം ഒരു നിലയിലും ഇടപെട്ടിട്ടില്ല. ഇത്തരമൊരു സംഭവത്തില്‍ പോലീസ് സ്വതന്ത്രമായ അന്വേഷണ നടപടികള്‍ സ്വീകരിക്കുക എന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്‍റേ നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. പ്രതിചേര്‍ക്കപ്പെട്ട രണ്ടു പേര്‍ ഒഴികെ എല്ലാവരും സംഭവം നടന്ന അടുത്ത ദിവസം തന്നെ പോലീസില്‍ ഹാജരായി, അവര്‍ റിമാന്‍ഡില്‍ കഴിയുകയുമാണ്.
കേസുമായി ബന്ധപ്പെട്ട അസാധാരണമായ നടപടികളാണ് പോലീസിന്‍റ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ സംഭവത്തിന്‍റെ പേരില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുകയാണ് പോലീസ്. മെഡിക്കല്‍ കോളേജിലെ സീനിയര്‍ റിട്ടയേഡ് ഡോക്ടര്‍മാരുടെ വീടുകളിലും ഈ നിലയില്‍ പോലീസ് കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണ് . കഴിഞ്ഞദിവസം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു എന്ന് പോലീസ് പറയുന്ന ഒരാളുടെ പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയെ മെഡിക്കല്‍ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സ തേടി ഇറങ്ങുമ്പോള്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്ന നിലയുണ്ടായയി. കോഴിക്കോട് പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണമാണ് പോലീസ് സംഘം ഇത്തരം ഹീനമായ നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഇതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം നേരിട്ട് ഇവര്‍ക്ക് വൈദ്യസഹായം തേടേണ്ടി വരികയുണ്ടായി. സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കെതിരെ മാരകമായ വകുപ്പുകള്‍ കൂട്ടിചേര്‍ക്കുകയും തീവ്രവാദ കേസുകളിലെ പ്രതികളോട് പോലും സ്വീകരിക്കാത്ത നിലയിലുള്ള സമീപനം ആണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
കോഴിക്കോട് നഗരത്തിന്‍റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് ഒരു സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകരെ ആഴ്ചകള്‍ക്ക് ശേഷം പോലീസ് പ്രത്യേക അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്‍റെ പ്രഖ്യാപിതമായ പോലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് കോഴിക്കോട് നഗരത്തിലെ ചില പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍. ഇവര്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെടുന്നു. സിപിഐ എമ്മിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വേട്ടയാടാനും എല്‍.ഡി.എഫ് സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ചു കാണിക്കാനും ആണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇത് തുടരാനാണ് നീക്കമെങ്കില്‍ ജനങ്ങളെ അണിനിരത്തി സി.പി.ഐ.എം ചെറുത്ത് തോല്‍പ്പിക്കും. ഇടതുപക്ഷ ജനാതിപത്യ മുന്നണി സര്‍ക്കാരിന്‍റെ പോലീസ് നയത്തെ അട്ടിമറിക്കാനും സര്‍ക്കാരിന്‍റെ പ്രതിശ്ചായ തകര്‍ക്കാനും ശ്രമിക്കുന്ന ഗൂഢശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം പോലീസ് ഉദ്യോഗസ്ഥകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്
സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...