കോട്ടയത്ത് അൽഫാം കഴിച്ച് യുവതി മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമായതെന്ന് ഫോറൻസിക് റിപ്പോർട്ട്. ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഉടൻ കൈമാറും. കേസിൽ യുവതി ഭക്ഷണം കഴിച്ച ഹോട്ടലിലെ ഉടമകളെയും പ്രതി ചേർത്തിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമായി തുടർന്ന് വരികെയാണ്. സംഭവത്തിൽ പ്രധാന പ്രതിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറം തിരൂര്‍ മേൽമുറി പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ മൂസകുട്ടി മകൻ മുഹമ്മദ് സിറാജുദ്ദീൻ(20) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ചീഫ് കുക്കായിരുന്നു സിറാജുദീൻ. കഴിഞ്ഞ 29ന് കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂർ പാലത്തറ വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യ മെഡിക്കൽ കോളേജിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കൂടിയായ രശ്മി രാജ് ഫുഡ് പോയിസനെ തുടർന്ന് മരണപ്പെടുകയായിരുന്നു.
തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിൽ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിനോടുവിൽ ഇയാളെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ നിന്നും പിടികൂടുകയായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, കോട്ടയം വെസ്റ്റ് എസ്.ഐ ശ്രീജിത്ത്, ഗാന്ധിനഗർ എസ്.ഐ വിദ്യ വി, പവനൻ എം.സി, സി.പി.ഓ മാരായ അനീഷ് വി.കെ, പ്രവീണോ പി.വി, സുബീഷ് , രാകേഷ് , അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...