കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ മാണി വിഭാഗത്തിന് ജയം. കേരള കോണ്‍ഗ്രസിന്റെ പ്രതിനിധി സക്കറിയാസ് കുതിരവേലിയാണ് എട്ടിനെതിരെ 12 വോട്ടുകൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പി.സി.ജോർജ് വിഭാഗം വോട്ട് അസാധുവാക്കി. സി.പി.ഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
സിപിഎമ്മിന് ആറും സിപിഐക്ക് ഒന്നും കോണ്‍ഗ്രസിന് എട്ടും, കേരളാ കോണ്‍ഗ്രസിന് നാലും പിസിജോര്‍ജ് പക്ഷത്തിന് ഒന്നും സീറ്റ് വീതമാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കേരള കോണ്‍ഗ്രസുമായും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം രണ്ടര വര്‍ഷം വീതം പ്രസിഡന്റ് സ്ഥാനം ഇരുകക്ഷികളും പങ്കിടാന്‍ തീരുമാനിച്ചിരുന്നു. പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് ഡി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചതോടെയാണ് രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്.
കേരള കോണ്‍ഗ്രസ്-എം എൽ.ഡി.എഫിലേക്ക് ചേക്കേറുന്നുവെന്ന വാർത്തകൾക്ക് ശക്തി പകരുന്നതാണ് ഇന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി ചെയർമാൻ കെ.എം.മാണി തീരുമാനിച്ചതിന് പിന്നാലെയാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തരമായി യോഗം ചേർന്ന് മാണിയെ പിന്തുണക്കാൻ തീരുമാനിച്ചത്.
മാണിയ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. മാണിയുടേയും മുന്നണിയുടേയുടേയും ഭാഗത്തു നിന്നുണ്ടായത് കടുത്ത വിശ്വസ വഞ്ചനയെന്ന് മുന്‍ പ്രസിഡന്റ് ജോഷി കുര്യന് പ്രതികരിച്ചു.