പരുഷമല്ല, പക്ഷേ കണിശം; സിപിഎമ്മിന്റെ 'ചിരിക്കുന്ന സെക്രട്ടറി'... കോടിയേരി വിടപറയുമ്പോള്‍

ഗൗരവം മുറ്റുന്ന മുഖവും ഭാവവും ശരീര ഭാഷയും സ്വന്തമായുണ്ടായിരുന്ന പിണറായി വിജയനില്‍ നിന്നുമാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദം ചിരിക്കുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണന്‍ ഏറ്റെടുത്തത്.  

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 10:52 PM IST
  • കേരളത്തിലെ സിപിഎം പാർട്ടി സെക്രട്ടറിമാരിൽ അപൂർവ്വ റെക്കോർഡിന് ഉടമയാണ് കോടിയേരി ബാലകൃഷ്ണൻ
  • അപ്രാപ്യം എന്ന് കരുതിയിരുന്ന ഭരണത്തുടർച്ച സാധ്യമാക്കിയത് കോടിയേരിയുടെ കാലത്താണ്
പരുഷമല്ല, പക്ഷേ കണിശം; സിപിഎമ്മിന്റെ 'ചിരിക്കുന്ന സെക്രട്ടറി'... കോടിയേരി വിടപറയുമ്പോള്‍

തിരുവനന്തപുരം: സിപിഎം എന്ന പാര്‍ട്ടി സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്ര ചട്ടക്കൂടിന്റെ ഉരുക്ക് കോട്ടയ്ക്കുള്ളില്‍, പൊതുസമൂഹത്തിന് നിഗൂഢമായ ഒരു സംവിധാനമെന്ന മട്ടിലാണ് പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. സിപിഎമ്മിനെ കേരളത്തില്‍ നയിച്ച പല സെക്രട്ടറിമാരും ഈ ഒരു പ്രതിച്ഛായയ്ക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു- അപൂര്‍വ്വം ചിലരൊഴിച്ച്. പിണറായി വിജയന്‍ എന്ന ശക്തനും കാര്‍ക്കശ്യക്കാരനും ആയ നേതാവിന്റെ തണലില്‍ സിപിഎം വിഭാഗീയതകളെല്ലാം തുടച്ചുനീക്കി ഏകശിലാരൂപം പൂണ്ടുകൊണ്ടിരിക്കുകയായിരുന്ന കാലഘട്ടത്തിലും പാര്‍ട്ടിയുടെ പ്രതിച്ഛായ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.

2015 ലെ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയനില്‍ നിന്ന് ബാറ്റണ്‍ സ്വീകരിച്ച് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതലയുമായി കോടിയേരി ബാലകൃഷ്ണന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ പല വാര്‍പ്പുരൂപങ്ങളും തകരുന്നത് പതിയെ ദൃശ്യമാവുകയായിരുന്നു. പിണറായി വിജയന്‍ എന്ന ചിരിക്കാത്ത സെക്രട്ടറി എന്ന മാധ്യമനിര്‍മിതിയില്‍ നിന്ന് സൗമ്യനായ കൊടിയേരി ബാലകൃഷ്ണന്‍ എന്ന പൊതുബോധ നിര്‍മിതിയിലേക്കുള്ള മാറ്റമായിരുന്നു അത്.

കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തില്‍ ഒരു സംസ്ഥാന സെക്രട്ടറിയ്ക്കും അവകാശപ്പെടാന്‍ ആകാത്ത അപൂര്‍വ്വ നേട്ടത്തിന് കൂടി ഉടമയാണ് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയെ, ഇടതുമുന്നണിയെ തുടര്‍ച്ചയായി രണ്ട് തവണ അവധികാരത്തിലെത്തിച്ച ഏക പാര്‍ട്ടി സെക്രട്ടറി കോടിയേരി മാത്രമാണ്. പാര്‍ട്ടി സംസ്ഥാനത്ത് ഏറ്റവും ശക്തമായി നിലകൊള്ളുന്ന ഘട്ടത്തിലാണ് കോടിയേരി എന്ന സൗമ്യനും ധീരനുമായ നേതാവ് വിടപറയുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ ഒരു ഘട്ടത്തില്‍ വാഗ്വാദങ്ങളുടേയും വെല്ലുവിളികളുടേയും അരങ്ങുകളായിരുന്നു. പിന്നീട്, പിണറായി വിജയന്‍ എന്ന പാര്‍ട്ടി സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതേയും ഇരുന്നു. അതിന് ശേഷം കോടിയേരി സെക്രട്ടറിയുടെ കസേരയില്‍ എത്തിയപ്പോള്‍ എല്ലാം മാറിമറിഞ്ഞു. ചൂടും മൂര്‍ച്ചയും ചോരാതെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ ഒരു മടിയും ഇല്ലാത്ത നേതാവായിരുന്നു കൊടിയേരി. പക്ഷേ വിദ്വേഷരഹിതമായിരുന്നു ആ വാക്കുകളെല്ലാം. 

കേരള രാഷ്ട്രീയത്തില്‍ വ്യക്തിപരമായി ഏറ്റവും ആക്രമിക്കപ്പെട്ട നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ എന്നോര്‍ക്കണം. മക്കളുടേയും ഭാര്യയുടേയും പേരില്‍ വലിയ മാധ്യമ വേട്ടകള്‍ നേരിട്ട വ്യക്തി. പക്ഷേ, ഒരിക്കല്‍ പോലും കോടിയേരി എന്ന രാഷ്ട്രീയ നേതാവ് അദ്ദേഹത്തിന്റെ ചെയ്തികളുടെ പേരില്‍ ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടില്ല എന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്. കടുത്ത രോഗാവസ്ഥയില്‍ പോലും മാധ്യമങ്ങളെ കണ്ട കോടിയേരിയുടെ ശരീരത്തെ ചിലര്‍ കൂര്‍ത്ത വാക്കുകള്‍ കൊണ്ട് അപഹസിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിന് അധികം പഴക്കമൊന്നുമില്ല. എന്നാല്‍ അത്തരക്കാരെ പോലും വിദ്വേഷവാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാന്‍ തയ്യാറാകാത്ത വ്യക്തിത്വമായിരുന്നു കോടിയേരിയുടേത്. 

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കൊടിയേരിയുടെ ഓരോ പ്രവര്‍ത്തനങ്ങളിലും ആ ഊര്‍ജ്ജവും പ്രസന്നതയും പ്രകടമായിരുന്നു.  എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഈ കാലഘട്ടത്തില്‍ ഒന്നര വര്‍ഷത്തോളം മിസ തടവുകാരനായി ജയില്‍ശിക്ഷയും അനുഭവിച്ചു. വലിയ പോലീസ് മര്‍ദ്ദനങ്ങളും അനുഭവിക്കേണ്ടി വന്നു.

എംഎല്‍എ ആയും മന്ത്രിയായും പാര്‍ട്ടി നേതാവായും എല്ലാം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജനകീയ വിഷയങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നതില്‍ അദ്ദേഹത്തിന് ആശയക്കുഴപ്പങ്ങളില്ലായിരുന്നു. രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും നൈതികത പൂര്‍ണമായും കൈവിട്ട് കടുത്ത ആക്രമണങ്ങള്‍ നടത്തിയപ്പോഴും പിടിച്ചുനില്‍ക്കാനായത് കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവിന്റെ രാഷ്ട്രീയ ഗുണം കൊണ്ടുതന്നെ ആയിരുന്നു. 

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ച് 69 വയസ്സ് എന്നത് വിടപറയാനുള്ള ഒരു പ്രായമല്ല. അതുകൊണ്ടുതന്നെ കോടിയേരി ബാലകൃഷ്ണന്റെ മരണം സിപിഎമ്മിനും കേരളത്തിനും ഒരു വലിയ നഷ്ടം തന്നെയാണെന്ന് സംശയലേശമന്യേ പറയാം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News