ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നില്ല. മൂന്നര ലക്ഷത്തോളം ലിറ്റർ വെള്ളമാണ് തുറന്നുവിട്ടത്. എന്നിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ വെള്ളമൊഴുക്കും. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളമെത്തിയതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറിയിരിക്കുകയാണ്. അതിനാൽ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവിൽ വ്യത്യാസം വരുത്തണോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് നേരിയ തോതിൽ കുറയാൻ തുടങ്ങി.
വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. നിലവിൽ പതിമൂന്ന് ഷട്ടറുകൾ 90 സെൻറിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സെക്കന്റിൽ 10,000 ഘനയടിയോളം വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കുന്നത്. പ്രദേശത്തെ 85 കുടുംബങ്ങളെ മാറ്റി പ്പാര്‍പ്പിച്ചിട്ടുണ്ട്. പാലക്കാട് വാളയാർ ഡാമിന്റെ ഷട്ടറും ഇന്ന് തുറക്കും. ഡാം തുറക്കുന്നതിനാൽ കൽപ്പാത്തി പുഴയിലേക്ക് കൂടുതൽ വെള്ളമെത്തും. മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകളും 80 സെൻ്റിമീറ്റർ ഉയർത്തി. മലമ്പുഴ ഡാമിൽ നിന്നും കൽപ്പാത്തി പുഴയിലേക്കാണ് വെള്ളമെത്തുന്നത്. ഇടമലയാർ ഡാം തുറന്നതോടെ എറണാകുളം ജില്ലയിലെ പെരിയാർ തീരം ജാഗ്രതയിലാണ്.
ALSO READ: ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അടിയന്തരസാഹചര്യം എവിടെയെങ്കിലും ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിനായി 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായി ഇരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിട്ടുണ്ട്. നാല് ഷട്ടറുകളിലൂടെയാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇടമലയാർ അണക്കെട്ടും തുറന്നെങ്കിലും പെരിയാറിന്റെ തീരത്ത് വലിയ രീതിയിൽ വെള്ളം ഉയർന്നിട്ടില്ല. ജില്ലയിൽ നിലവിൽ മഴയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
സംസ്ഥാനത്ത് 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദ സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ശക്തികൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ആഗസ്റ്റ് 12 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാപക മഴ ഉണ്ടാകുമെന്ന സാഹചര്യത്തിൽ വരുന്ന ദിവസങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റെന്നാൾ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്. എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് തുല്യമായ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. അതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി നിലനിൽക്കുന്നതിനാൽ. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു ഇതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ആഗസ്റ്റ് 8 മുതൽ 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...