തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള കോൺഗ്രസ്സ് സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ആലപ്പുഴ മുൻ ഡിസിസി പ്രസിഡൻറ് എം. ലിജുവും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറും ഉൾപ്പെടുന്ന പട്ടിക കെ.പി.സിസി പ്രസിഡന്റ് കെ.സുധാകരൻ കോൺഗ്രസ് ഹൈക്കമാന്റിന് കൈമാറി.
പല തലങ്ങളിൽ ചർച്ച നടത്തിയെങ്കിലും തർക്കം മൂലം ഒറ്റപ്പേരിലേക്ക് എത്തിച്ചേരാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് സ്ഥാനാർത്ഥികളുടെ പാനൽ കൈമാറാൻ തീരുമാനിച്ചത്.വിവിധ ഗ്രൂപ്പുകൾ നൽകിയ പേരുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.സുധാരന്റെ നോമിനിയായി എം. ലിജുവിന് പുറമെ ജെ. ജയന്തിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
വിഡി സതീശന്റെ നോമിനിയായാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ പട്ടികയിൽ ഇടം പിടിച്ചത്.മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയും പട്ടികയിൽ ഉണ്ട്.ജോൺസൻ എബ്രഹാം,ജെയ് സൺ ജോസഫ് എന്നീ പേരുകൾ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക സമർപ്പിച്ചതെന്നാണ് സൂചന.
എം. ലിജുവിന് വേണ്ടി തുടക്കം മുതൽ തന്നെ കെ.സുധാകരൻ ശക്തമായി രംഗത്തുണ്ടായിരുന്നു.ലിജുവിന് തന്നെയാണ് അവസാന ഘട്ടത്തിലും സാധ്യത കൽപ്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. യുവാക്കളെ പരിഗണിക്കാം എന്ന തീരുമാനത്തിലേക്കാണ് ഒടുവിൽ ചർച്ചകൾ എത്തിപ്പെട്ടത്.
അതിനിടെ തെരഞ്ഞെടുപ്പിൽ തോറ്റത് അയോഗ്യതയായി കാണരുതന്ന് ചൂണ്ടികാട്ടി കെ.സുധാകരൻ എ.ഐ.സിസി നേതൃത്വത്തിന് കത്ത് നൽകി. തോറ്റുപോയവർ ബലിയാടുകളാണെന്നും തോൽവിക്ക് പല കാരണങ്ങൾ ഉണ്ടെന്നും സുധാകരൻ കത്തിൽ ചൂണ്ടികാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...